തിരുവനന്തപുരം: ഡല്‍ഹിയില്‍ നടക്കുന്ന ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണയുമായി ഇടത് യുവജന വിദ്യാർഥി സംഘടനകളായ ഡിവൈഎഫ്ഐയും എസ്എഫ്ഐയും. ഗുസ്തി താരങ്ങളുടെ പ്രക്ഷോഭത്തിൽ കാഴ്ച്ചക്കാരാകില്ലെന്നും സംയുക്തമായി രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്നും ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്‍റ് എഎ റഹിം എംപി അറിയിച്ചു. ഇതിന്റെ ഭാഗമായി ഇന്ന് 25,000 കേന്ദ്രങ്ങളിൽ പന്തം കൊളുത്തി പ്രതിഷേധവും ജൂൺ നാലിന് നൈറ്റ് മാർച്ചും സംഘടിപ്പിക്കുമെന്ന് ഡിവെെഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വികെ സനോജ് പറഞ്ഞു.
പീഡന ആരോപണം നേരിടുന്ന ബിജെപി എംപിയും അഖിലേന്ത്യ ഗുസ്‌തി ഫെഡറേഷൻ പ്രസിഡന്‍റ് ബ്രിജ്ഭൂഷൺ ശരൺ സിങിനെ ഉടൻ അറസ്റ്റ് ചെയുക എന്നതാണ് പ്രധാന ആവശ്യമെന്നും കായിക താരങ്ങൾക്ക് നീതി ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും എഎ റഹിം പറഞ്ഞു. കായിക താരങ്ങൾക്ക് എതിരെ എടുത്ത കേസുകൾ പിൻവലിക്കണം, കായിക താരങ്ങളോടുള്ള പൊലീസ് നടപടിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി മാപ്പ് പറയാൻ തയ്യാറാകണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.
കായിക താരങ്ങൾ രാജ്യത്തിന് വേണ്ടി നേടിയ മെഡലുകൾ ഗംഗയിൽ ഒഴുക്കാൻ പോയിട്ടും കേന്ദ്ര കായിക മന്ത്രിക്ക് ഇതിനെ കുറിച്ച് ഒന്നും പറയാൻ ഇല്ലേയെന്നും എഎ റഹീം ചോദിച്ചു. ഡിവൈഎഫ്ഐയുടെ പ്രതിഷേധ പരിപാടിയുടെ ഭാഗമായി തിരുവനന്തപുരത്ത് കായിക മേഖലയിലെ എല്ലാവരെയും ഉൾപ്പെടുത്തി ജൂൺ 5ന് സ്പോർട്സ് പഞ്ചായത്ത് സംഘടിപ്പിക്കുമെന്നും എഎ റഹിം എം.പി പറഞ്ഞു. രാജ്യത്തെ ഭയമാണ് ഭരിക്കുന്നതെന്നും എന്നാൽ അതിനെ വകഞ്ഞ് മാറ്റി പ്രതിഷേധങ്ങൾ ഉയർന്ന് വരികയാണെന്നും ഡിവൈഎഫ്ഐ നേതാക്കൾ പറഞ്ഞു. കായിക താരങ്ങൾക്ക് ഉയരുന്ന പിന്തുണ വർദ്ധിക്കുന്നുണ്ടെന്നും ആരോപണ വിധേയനായ ബിജെപി എംപിയെ അധികകാലം സംരക്ഷിക്കാൻ കഴിയില്ലെന്നും എഎ റഹിം പറഞ്ഞു.
കണ്ണീരായി കായിക താരങ്ങളുടെ പ്രക്ഷോഭം: പീഡന ആരോപണ വിധേയനായ റസ്‌ലിങ് ഫെഡറേഷന്‍ മേധാവി ബ്രിജ് ഭൂഷണ്‍ സിങിനെതിരെ നടപടി ആവശ്യപ്പെട്ടാണ് ഡല്‍ഹിയില്‍ ഗുസ്‌തി താരങ്ങൾ പ്രതിഷേധം തുടരുന്നത്. എന്നാല്‍ ബ്രിജ് ഭൂഷണ് എതിരെ നടപടി ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ച് തങ്ങൾക്ക് ലഭിച്ച മെഡലുകള്‍ ഗംഗയിലൊഴുക്കാന്‍ ഗുസ്‌തി താരങ്ങള്‍ ഇന്നലെ ഹരിദ്വാറില്‍ എത്തിയിരുന്നു. എന്നാല്‍ വൈകാരിക നിമിഷങ്ങള്‍ക്കൊടുവില്‍ കര്‍ഷക നേതാക്കള്‍ ഇടപെട്ട് മെഡലുകള്‍ ഒഴുക്കുന്നതില്‍ നിന്ന് താരങ്ങളെ പിന്തിരിപ്പിക്കുകയായിരുന്നു.
മെഡലുകള്‍ ഒഴുക്കി കളയാനെത്തിയ താരങ്ങള്‍ കരഞ്ഞുകൊണ്ടായിരുന്നു പ്രതികരിച്ചത്. ഇവരെ വന്‍ ജനാവലിയും അനുഗമിച്ചിരുന്നു. വിഷയത്തില്‍ പരിഹാരം കണ്ടെത്തുന്നതിന് അഞ്ച് ദിവസത്തെ സമയവും നരേഷ് ടികായതിന്‍റെ നേതൃത്വത്തിലുള്ള കര്‍ഷക നേതാക്കള്‍ ആവശ്യപ്പെട്ടു. കര്‍ഷക നേതാക്കള്‍ മുന്നോട്ടുവച്ച നിര്‍ദേശം സ്വീകരിച്ച് താരങ്ങള്‍ ഹരിദ്വാറില്‍ നിന്നും മടങ്ങുകയായിരുന്നു. കൂടാതെ അഞ്ച് ദിവസത്തേക്ക് താരങ്ങള്‍ പ്രതിഷേധ സമരവും അവസാനിപ്പിച്ചു.
രാത്രി കൂടിക്കാഴ്‌ച: ബ്രിജ് ഭൂഷണ്‍ വിഷയത്തില്‍ നടപടിയെടുക്കാന്‍ സര്‍ക്കാരിന് അഞ്ച് ദിവസം സമയം അനുവദിച്ചതിന് പിന്നാലെ ഭാരതീയ കിസാന്‍ യൂണിയന്‍ പ്രസിഡന്‍റ് നരേഷ് ടികായത്തുമായി കൂടിക്കാഴ്‌ച നടത്തി ഗുസ്‌തി താരങ്ങള്‍. ഇന്നലെ രാത്രിയാണ് ബജ്‌റങ് പുനിയ, വിനേഷ് ഫോഗട്ട് അടക്കമുള്ള താരങ്ങള്‍ വസതിയിലെത്തി ടികായത്തുമായി കൂടിക്കാഴ്‌ച നടത്തിയത്. സമരവും അതിനോടനുബന്ധിച്ച ഭാവി പ്രവര്‍ത്തനങ്ങളുമായിരുന്നു ചര്‍ച്ച ചെയ്‌തത്.