തിരുവനന്തപുരം: മയക്കുമരുന്ന് വിൽപന നടത്താൻ ശ്രമിച്ച കേസിലെ പ്രതിക്ക് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. കർണാടക സ്വദേശി മുഹമ്മദ് ജാബിറിനാണ് നാലാം അഡീഷണൽ സെഷൻസ് ജഡ്‌ജി ഷിജു ഷെയ്ക്ക് ശിക്ഷ വിധിച്ചത്.
നർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് നിയമത്തിലെ 22 (സി) എന്ന വകുപ്പ് പ്രകാരമാണ് ശിക്ഷ. കേസിലെ ഒന്നാം പ്രതിയാണ് മുഹമ്മദ് ജാബിർ. രണ്ടാം പ്രതി ഒളിവിലാണ്. 2018 ഒക്‌ടോബർ 5ന് പേട്ട റെയിൽവേ ആശുപത്രിക്ക് സമീപം സംശയാസ്‌പദമായ രീതിയിൽ കാണപ്പെട്ട പ്രതിയെ വഞ്ചിയൂർ പൊലീസാണ് പിടികൂടിയത്. തുടർന്ന് നടത്തിയ ദേഹപരിശോധനയിലാണ് പ്ലാസ്റ്റിക് കവറിനുള്ളിൽ ഒളിപ്പിച്ച നിലയില്‍ മയക്കുമരുന്ന് കണ്ടെത്തിയത്. രണ്ടാം പ്രതി ആവശ്യപ്പെട്ടത് അനുസരിച്ചാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് കണ്ടെത്തി.
എം.ഡി.എം.എ ഇനത്തിൽപെട്ട മാരകമായ മയക്കുമരുന്നാണ് ഇവയെന്ന് വിചാരണ വേളയിൽ അന്വേഷണ ഉദ്യോഗസ്ഥൻ മൊഴി നൽകിയിരുന്നു. വിപണിയിൽ ഇവയുടെ വില ഏകദേശം 50 ലക്ഷത്തോളം രൂപയാണെന്ന് കണക്കാക്കുന്നു എന്നും അന്വേഷണ ഉദ്യോഗസ്ഥൻ മൊഴി നൽകി.