തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇന്ന് ഉച്ചമുതൽ മൂന്നുദിവസം ജലവിതരണം മുടങ്ങും. മെഡിക്കൽ കോളജ് അടക്കം കോർപ്പറേഷനിലെ 57 വാർഡുകളിലാണ് കുടിവെള്ളം തടസപ്പെടുക. ബുദ്ധിമുട്ടൊഴിവാക്കാൻ നഗരസഭ സംവിധാനമൊരുക്കിയതായി മേയർ കെ. ശ്രീകുമാർ അറിയിച്ചു.
അരുവിക്കരയിലെ രണ്ട് ജല ശുദ്ധീകരണ പ്ലാന്‍റുകളിൽ അറ്റകുറ്റപ്പണി തുടങ്ങുന്നതിനാൽ ഇന്ന് മുതൽ ഞായറാഴ്‌ച വരെയാണ് നഗരത്തിൽ കുടിവെളളം മുടങ്ങുക. തിരുമല, പാങ്ങോട്, വട്ടിയൂർക്കാവ്, പൂജപ്പുര, കിഴക്കേകോട്ട, തമ്പാനൂർ, പേരൂർക്കട, കവടിയാർ, പട്ടം, മെഡിക്കൽ കോളജ്, കഴക്കൂട്ടം തുടങ്ങിയ വാർഡുകളിൽ ജലവിതരണം തടസപ്പെടും. പ്രശ്‌നം പരിഹരിക്കാൻ ബദൽ സംവിധാനമൊരുക്കിയതായി മേയർ പറഞ്ഞു.
വിതരണം മുടങ്ങുന്ന ദിവസങ്ങളിൽ ജലത്തിന്‍റെ ഉപയോഗം പരമാവധി കുറയ്ക്കണമെന്നും പരമാവധി വെള്ളം ശേഖരിച്ച് സൂക്ഷിക്കണമെന്നും മേയർ നിർദേശം നൽകിയിട്ടുണ്ട്. വാട്ടർ അതോറിറ്റിയുടെ വെൻഡിങ് പോയിന്‍റുകളിൽ നിന്ന് വാർഡുകളിലെ കുടിവെള്ള കിയോസ്‌കുകളിൽ ടാങ്കറുകളിൽ വെള്ളമെത്തിക്കും. അടിയന്തിര സഹായങ്ങൾക്കായി 9496434517 എന്ന കൺട്രോൾ റൂം നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.