തിരുവനന്തപുരം: പിജി വിദ്യാർത്ഥിനി ഡോ ഷഹന ആത്മഹത്യ ചെയ്‌ത (Dr Shahana death) സംഭവത്തിലെ പ്രതി റുവൈസിന്‍റെ ജാമ്യ അപേക്ഷ തള്ളി. തിരുവനന്തപുരം അഡീ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ് (Chief Judicial Magistrate Court Thiruvananthapuram). പ്രതി ചെയ്‌ത പ്രവൃത്തി അതീവ ക്രൂരവും, ഗൗരവമുള്ളതെന്ന് കോടതി നിരീക്ഷിച്ചു.
കേസ് പ്രാരംഭ ഘട്ടത്തിലാണ്, പ്രതിയെ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങിയിട്ടില്ല (court rejected bail application of accused Ruwais). ഇത്തരം സാഹചര്യത്തിൽ പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് കേസിന്‍റെ അന്വേഷണത്തെ ബാധിക്കുമെന്ന അഡീഷണല്‍ പബ്ളിക് പ്രോസിക്യൂട്ടർ പ്രവീൺ കുമാറിന്‍റെ വാദം പരിഗണിച്ചാണ് ജാമ്യം തള്ളിയത്. 2023 ഡിസംബർ നാലിനാണ് തിരുവനന്തപുരം മെഡിക്കൽ കോളജിന് സമീപത്തുള്ള സിറ്റി പ്ലാസ ഫ്ലാറ്റിൽ ഡോ ഷഹനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം നടന്ന് മൂന്ന് ദിവസം കഴിഞ്ഞാണ് ഡോ റുവൈസിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
തിരുവനന്തപുരം അഡീ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം കോടതി തള്ളിയ സാഹചര്യത്തിൽ പ്രതി ഹൈക്കോടതിയെ സമീപ്പിക്കുമെന്നാണ് സൂചന. റുവൈസ് ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
ഡോ. ഷഹനയുടെ ആത്മഹത്യ: സ്ത്രീധനത്തിന്‍റെ പേരിൽ വിവാഹം മുടങ്ങിയതിനെ തുടർന്നുണ്ടായ മനോവിഷമത്തിലാണ് മെഡിക്കൽ കോളജിലെ പി ജി വിദ്യാർത്ഥിയായ ഡോ. ഷഹന ആത്മഹത്യ ചെയ്‌തതെന്നാണ് പൊലീസ് കണ്ടെത്തല്‍. സംഭവത്തിൽ കേസിലെ രണ്ടാം പ്രതിയും ഡോ. റുവൈസിന്‍റെ പിതാവുമായ അബ്‌ദുൽ റഷീദ് ഒളിവിലാണ്. കരുനാഗപ്പള്ളി സ്വദേശിയായ അബ്‌ദുൽ റഷീദ് വീട്ടിൽ നിന്ന് കാറിൽ കുടുംബവുമായി കടന്നതായാണ് പൊലീസിന് ലഭിച്ച വിവരം.
ഇക്കഴിഞ്ഞ ബുധനാഴ്‌ച (ഡിസംബര്‍ 6) പുലർച്ചെ കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടിൽ നിന്നാണ് റുവൈസിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്യുകയും തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
എന്നാൽ റുവൈസിന്‍റെ പിതാവാണ് കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടതെന്നും സ്ത്രീധനത്തിനായി സമ്മർദം ചെലുത്തിയതെന്നും ഷഹനയുടെ ആത്മഹത്യാക്കുറിപ്പിലും വാട്‌സ് ആപ്പ് ചാറ്റുകളില്‍ നിന്നും വ്യക്തമായിരുന്നു. സ്ത്രീധന നിരോധന നിയമം, ആത്മഹത്യ പ്രേരണ കുറ്റം എന്നിവയാണ് റുവൈസിനെതിരെയുള്ള കുറ്റങ്ങൾ. പ്രതിയുടെ കുടുംബങ്ങളെ കൂടി പ്രതി ചേർത്തേക്കുമെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു.
'സ്ത്രീധന മോഹം കാരണം ഇന്ന് എന്‍റെ ജീവിതം അവസാനിക്കുകയാണ്. വിവാഹ വാഗ്‌ദാനം നൽകി എന്‍റെ ജീവിതം നശിപ്പിക്കുക എന്നതായിരുന്നു അവന്‍റെ ഉദ്ദേശ്യം. ഒന്നര കിലോ സ്വർണ്ണവും ഏക്കർ കണക്കിന് സ്വത്തും ചോദിച്ചാൽ കൊടുക്കാൻ എന്‍റെ വീട്ടുകാരുടെ കയ്യിൽ ഇല്ലെന്നുള്ളത് സത്യമാണ്'. എന്നിങ്ങനെ ഗുരുതര പരാമർശങ്ങളാണ് വാട്‌സ് ആപ്പ് സന്ദേശത്തിൽ ഉള്ളതെന്ന് പൊലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
ALSO READ: "സ്ത്രീധന മോഹം കാരണം എന്‍റെ ജീവിതം അവസാനിക്കുകയാണ്", മെസേജുകള്‍ തെളിവാകും
ALSO READ: "ഡോ ഷഹനയുടെ ആത്മഹത്യയ്ക്ക് കാരണം ഡോ റുവൈസ്", വാട്‌സ്ആപ്പ് വിവരങ്ങള്‍ പുറത്ത് വിട്ട് പൊലീസ്