തിരുവനന്തപുരം : മലയാള സര്‍വകലാശാലയുടെ താത്കാലിക വൈസ് ചാന്‍സലറായി ഡോ. സാബു തോമസ് ഇന്ന് ചുമതലയേല്‍ക്കും. നിലവില്‍ മഹാത്മാഗാന്ധി സര്‍വകലാശാല വി.സിയാണ് സാബു തോമസ്. മഹാത്മാഗാന്ധി സര്‍വകലാശാല ആസ്ഥാനത്ത് നിന്ന് തന്നെ മലയാള സര്‍വകലാശാലയുടെ ഫയലില്‍ ഒപ്പിട്ടാണ് സ്ഥാനമേല്‍ക്കുക. തുടര്‍ന്ന് അടുത്ത ദിവസം മലയാളം സര്‍വകലാശാലയില്‍ സന്ദര്‍ശനം നടത്തും.
കഴിഞ്ഞ 28-ന് ഡോ. അനില്‍ വള്ളത്തോള്‍ കാലാവധി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് ഡോ. സാബു തോമസിനെ ഗവര്‍ണര്‍ താത്കാലിക വൈസ് ചാന്‍സലറായി നിയമിച്ചത്. മലയാള സര്‍വകലാശാല നിയമത്തിന്‍റെ 29-ാം വകുപ്പും നടപടിക്ക് പിന്തുണയോടെ ഒരു സര്‍വകലാശാലയുടെ വിസിയുടെ കാലാവധി അവസാനിച്ചാല്‍ മറ്റൊരു സര്‍വകലാശാലയുടെ വിസിക്ക് ചുമതല കൈമാറാനുള്ള വ്യവസ്ഥയാണ് ഗവര്‍ണര്‍ ഉപയോഗിച്ചത്. മലയാള സര്‍വകലാശാലയില്‍ താത്കാലിക വിസി നിയമനത്തിനായി സര്‍ക്കാര്‍ നല്‍കിയ പേരുകളെല്ലാം തള്ളിയാണ് ഗവര്‍ണര്‍ സാബു തോമസിനെ നിയമിച്ചത്.
സര്‍ക്കാരിന്‍റെയും ചാന്‍സലറായ ഗവര്‍ണറുടെയും ലക്ഷ്യം ഒന്നാണെന്നും രണ്ടു കൂട്ടരെയും യോജിപ്പിച്ച് കൊണ്ടുപോകാന്‍ ശ്രമിക്കുമെന്നും സര്‍വകലാശാലയുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുമെന്നും ഡോ. സാബു തോമസ് പറഞ്ഞു. ഭാഷ പിതാവിന്‍റെ പേരിലുള്ള സര്‍വകലാശാലയില്‍ വൈസ് ചാന്‍സലറായി ചുമതലയേല്‍ക്കാന്‍ സൗഭാഗ്യം ലഭിച്ചതില്‍ അഭിമാനവും അതിലേറെ സന്തോഷവുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പുറത്താക്കാതിരിക്കാന്‍ കാരണം ചോദിച്ച് ഗവര്‍ണര്‍ നോട്ടിസ് നല്‍കിയ വൈസ് ചാന്‍സലര്‍മാരില്‍ ഉള്‍പ്പെട്ടിരുന്നയാളാണ് സാബു തോമസ്.
സാങ്കേതിക സര്‍വകലാശാല താത്കാലിക വിസി നിയമനത്തില്‍ സര്‍ക്കാര്‍ നല്‍കിയ പാനലില്‍ നിന്നാണ് ഗവര്‍ണര്‍ വിസിയെ നിയമിക്കേണ്ടതെന്ന ഹൈക്കോടതി വിധി ന്യായം നിലനില്‍ക്കെയാണ് മലയാള സര്‍വകലാശാലയിലും സര്‍ക്കാര്‍ നല്‍കിയ പേരുകള്‍ ഗവര്‍ണര്‍ വെട്ടിയത്. ഇതോടെ സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് വീണ്ടും മുറുകിയിരിക്കുകയാണ്.
ഡോ. അനില്‍ വള്ളത്തോളിന്‍റെ പടിയിറക്കം: മലയാള സര്‍വകലാശാലയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വൈസ് ചാന്‍സലര്‍ പദവിയിലിരുന്ന ഡോ. അനില്‍ വള്ളത്തോള്‍ ഇക്കഴിഞ്ഞ മാര്‍ച്ച് ഒന്നിനാണ് പടിയിറങ്ങിയത്. സാധാരണ രീതി പോലെയായിരുന്നില്ല അനിലിന്‍റെ പടിയിറക്കം. ഒരാള്‍ ചുമതലയൊഴിയുമ്പോള്‍ മറ്റൊരാള്‍ക്ക് ചുമതല കൈമാറുന്ന രീതിയാണ് നിലവിലുള്ളത്. എന്നാല്‍ ഡോ. അനില്‍ വള്ളത്തോളിന് മറ്റാര്‍ക്കും ചുമതല കൈമാറാതെ സ്ഥാനം ഒഴിയേണ്ടതായി വന്നു.
സംസ്ഥാന സര്‍ക്കാറും സര്‍വകലാശാല ചാന്‍സലറായ ഗവര്‍ണറും തമ്മിലുള്ള പ്രശ്‌നങ്ങളും അഭിപ്രായ ഭിന്നതയും തന്നെയാണ് അനിലിന്‍റെ ഇത്തരമൊരു പടിയിറക്കത്തിന് കാരണമായത്. വൈസ് ചാന്‍സലര്‍ ചുമതല കൈമാറുന്നത് സംബന്ധിച്ച് ഗവര്‍ണറുടെ ഓഫിസില്‍ നിന്ന് വിവരങ്ങളൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് സ്ഥാനമൊഴിയുന്ന ദിവസം വൈകിട്ട് ആറര വരെ അനില്‍ വള്ളത്തോളിന് സര്‍വകലാശാലയില്‍ കാത്തിരിക്കേണ്ടി വന്നു. ആറര കഴിഞ്ഞിട്ടും വിവരം ലഭിക്കാത്തതിനെ തുടര്‍ന്ന് ഗവര്‍ണറുടെ ഓഫിസില്‍ വിളിച്ച് അന്വേഷിച്ചതിനെ തുടര്‍ന്നാണ് സ്ഥാനം ഒഴിഞ്ഞത്.
സര്‍വകലാശാലയില്‍ പുതിയ വിസിയെ നിയമിക്കുമെന്ന് ഗവര്‍ണറുടെ ഓഫിസില്‍ നിന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ചുമതല ഒഴിയുകയായിരുന്നു. 2018 മാര്‍ച്ച് ഒന്ന് മുതലാണ് അനില്‍ വള്ളത്തോള്‍ മഹാത്മഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സലറായി സ്ഥാനമേറ്റത്. ഇദ്ദേഹത്തിന് ഒരു വര്‍ഷം കൂടി അധ്യാപക സര്‍വീസ് കാലാവധിയുള്ളത് കൊണ്ട് തന്നെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ മലയാള വിഭാഗം പ്രൊഫസറായി ഉടന്‍ തന്നെ ചുമതലയേല്‍ക്കും.