തിരുവനന്തപുരം : നിപ പകര്‍ച്ചവ്യാധിക്കെതിരെ (Nipah Virus) സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് ജനങ്ങള്‍ ബോധവാന്‍മാരാണെന്നും നേരിടാനുള്ള ചികിത്സാസംവിധാനങ്ങള്‍ സംസ്ഥാനത്ത് സജ്ജമാണെന്നും ഡോ.ഗോപകുമാര്‍ ഇ ടി വി ഭാരതിനോട്. 2018 ലെ നിപ വൈറസ് വ്യാപന സമയത്ത് മുന്‍നിര പോരാളിയായിരുന്നു ഡോ.ഗോപകുമാര്‍ (Dr Gopakumar on Nipah Virus precautions). 2018 ഏപ്രില്‍ മാസത്തില്‍ നിപ വൈറസ് സാന്നിധ്യം സംസ്ഥാനത്ത് ആദ്യം സ്ഥിരീകരിച്ചപ്പോള്‍ കോഴിക്കോട് നഗരസഭയിലെ ഹെല്‍ത്ത് ഓഫിസറായിരുന്നു ഇദ്ദേഹം. ഇപ്പോള്‍ തിരുവനന്തപുരം നഗരസഭയിലെ ഹെല്‍ത്ത് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയാണ്. ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവും നിലവില്‍ ഇല്ലെന്ന് ഡോ.ഗോപകുമാര്‍ പറയുന്നു.
സമ്പര്‍ക്ക പട്ടിക ത്വരിതമായി വികസിച്ചുകൊണ്ടിരിക്കും. 2018 ല്‍ 2600 ലേറെ പേരായിരുന്നു സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്നത്. മുഴുവന്‍ പേരും നിരീക്ഷണ വലയത്തിലുമായിരുന്നു. പകരാനുള്ള സാധ്യത നിപയ്ക്ക് മറ്റ് പകര്‍ച്ച വ്യാധികളുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവാണെങ്കിലും മരണപ്പെടാനുള്ള സാധ്യതയാണ് രോഗത്തെ കൂടുതല്‍ അപകടകരമാക്കുന്നത്. ലക്ഷണങ്ങള്‍ക്കനുസരിച്ച് ചികിത്സ തേടുന്നതായിരുന്നു 2018ല്‍ സ്വീകരിച്ച ചികിത്സാരീതി. അന്ന് മോണോക്ലോണല്‍ ആന്‍റി ബോഡി അഥവാ മോബ് എന്ന ആന്‍റിബോഡി ക്വീന്‍സ് ലാന്‍ഡ് സര്‍വകലാശാലയില്‍ നിന്നും ഇറക്കുമതി ചെയ്‌തായിരുന്നു വിതരണം ചെയ്‌തത്.
മരുന്നുകളുടെ കാര്യത്തിലും ചികിത്സാരീതിയിലും വലിയ പുരോഗതി : ആദ്യം നിപ കണ്ടെത്തിയതിന് പിന്നാലെ നാല് തവണ ഇത് സംസ്ഥാനത്ത് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ നാല് തവണകളിലുമായി ഇതിനെ നേരിടാന്‍ ഈരംഗത്ത് വലിയ പുരോഗതി സംസ്ഥാനം കൈവരിച്ച് കഴിഞ്ഞു. മരുന്നുകളുടെ കാര്യത്തിലും ചികിത്സാരീതിയിലും വലിയ മുന്നേറ്റമുണ്ടായി.
മനുഷ്യനില്‍ നിന്നും മനുഷ്യനിലേക്ക് പകരുന്ന നിപയ്ക്ക് 70 മുതല്‍ 90 ശതമാനം വരെ മരണ നിരക്ക് ആദ്യം സംസ്ഥാനത്ത് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ പിന്നീട് ഈ നിരക്കില്‍ കുറവ് സംഭവിച്ചതായി കാണാം. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. നിപ രോഗികളുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയവര്‍ മാത്രമേ ശ്രദ്ധിക്കേണ്ട കാര്യമുള്ളൂ. പൊതുജനം എന്ന നിലയില്‍ വലിയ ആശങ്കയ്‌ക്ക് സാധ്യതയില്ല.
മുന്‍ അനുഭവങ്ങളില്‍ നിന്നുമാണ് സംസ്ഥാനത്ത് പകര്‍ച്ചവ്യാധി നേരിടാനുള്ള ചികിത്സ പ്രോട്ടോക്കോള്‍ രൂപീകരിച്ചിട്ടുള്ളത്. വീണുകിടക്കുന്ന പഴങ്ങള്‍ ഭക്ഷിക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. മറ്റ് ജീവികള്‍ കടിച്ച പഴ വര്‍ഗ്ഗങ്ങള്‍ ആ ഭാഗം മാത്രം മുറിച്ച് മാറ്റി കഴിക്കുന്ന ശീലം നമുക്ക് എല്ലാവര്‍ക്കുമുണ്ട്. അത് പൂര്‍ണമായും ഒഴിവാക്കണം.
പുറത്തുനിന്നും വാങ്ങുന്ന പഴങ്ങള്‍ അണുനശീകരണം ചെയ്‌ത ശേഷം മാത്രം ഉപയോഗിക്കുക. നിപ വൈറസിന് അസിഡിക് ആയ പ്രതലത്തില്‍ അധികം നേരം നിലനില്‍ക്കാനാകില്ല. അതുകൊണ്ടുതന്നെ നന്നായി കഴുകിയും അണുനശീകരണം നടത്തിയും നമുക്ക് പുറത്തുനിന്നുള്ള പഴങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കും.
വവ്വാലുകളെ ആട്ടിയോടിക്കുന്ന സാഹചര്യം ഒഴിവാക്കുക : പഴം തീനി വവ്വാലുകള്‍ നമ്മുടെ ആവാസ വ്യവസ്ഥയില്‍ നിരവധിയുണ്ട്. നിപ വൈറസ് സ്ഥിരീകരിക്കുമ്പോള്‍ ആളുകള്‍ വവ്വാലുകളെ ആട്ടിയോടിക്കുന്ന സാഹചര്യമുണ്ട്. എന്നാല്‍ അത് ഒരിക്കലും പാടില്ല. മരങ്ങളിലൊക്കെ വവ്വാലുകള്‍ കൂട്ടമായി കണ്ടാല്‍ പടക്കം പൊട്ടിക്കാനോ അവയെ ആക്രമിക്കാനോ പാടില്ല. ഇത്തരത്തില്‍ അവയെ ശല്യപ്പെടുത്തുമ്പോള്‍ വവ്വാലുകളുടെ ശ്രവങ്ങള്‍ പുറത്തുവീഴുന്ന സാഹചര്യമുണ്ടാകും. വലിയ പ്രതിരോധ ശേഷിയുള്ള ജീവിയാണ് വവ്വാലുകള്‍. അവയുടെ ശരീരത്തില്‍ നിപ വൈറസ് മാത്രമല്ല. മറ്റ് പല രോഗങ്ങള്‍ക്കും കാരണമാകുന്ന വൈറസുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അത് കൊണ്ടുതന്നെ വവ്വാലുകളെ യാതൊരു തരത്തിലും പ്രകോപിപ്പിക്കാന്‍ പാടില്ല.
വനനശീകരണം ഉള്‍പ്പടെയുള്ളവ കാലാവസ്ഥ വ്യതിയാനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെയാകാം വൈറസുകള്‍ മുന്‍ കാലങ്ങളിലേക്കാള്‍ ഇപ്പോള്‍ ശക്തി പ്രാപിക്കുന്നത്. കോഴിക്കോട് മാത്രമല്ല ഏത് നാട്ടില്‍ വേണമെങ്കിലും നിപ വൈറസ് ഉണ്ടാകാന്‍ സാധ്യതയുണ്ട്. അങ്ങേയറ്റം സഹകരണ മനോഭാവമുള്ളവരാണ് കോഴിക്കോട്ടുകാര്‍. 2018 ലെ നിപ വൈറസ് വ്യാപനം പിടിച്ചുനിര്‍ത്താന്‍ കോഴിക്കോട് ജില്ലയിലെ ജനങ്ങളുടെ സഹകരണം വലിയ രീതിയില്‍ സഹായമായതായി തനിക്ക് നേരിട്ട് അനുഭവമുണ്ട്.
മഴക്കാടുകളോട് ചേര്‍ന്ന് കിടക്കുന്ന ഏത് മേഖലയിലും വവ്വാലുകള്‍ മുഖേന നിപ വൈറസ് വ്യാപനമുണ്ടാകാന്‍ സാധ്യതയുണ്ട്. ബയോ സേഫ്റ്റി ലെവല്‍ ലാബുകളില്‍ മാത്രമേ നിപ വൈറസ് പരിശോധിച്ച് സ്ഥിരീകരിക്കാനുള്ള സംവിധാനം നമ്മുടെ രാജ്യത്തുള്ളൂ. 2018 ല്‍ നിപ സ്ഥിരീകരിക്കുമ്പോള്‍ കേരളത്തിലെ ഒരു ലാബുകളിലും ഈ സംവിധാനമില്ലായിരുന്നു.
എല്ലാ പരിശോധനാ ഫലങ്ങള്‍ക്ക് വേണ്ടിയും നമ്മള്‍ മണിപ്പാല്‍ മൈക്രോ ബയോളജി ഡിപ്പാര്‍ട്ട്‌മെന്‍റിനെയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയെയുമായിരുന്നു ആശ്രയിച്ചിരുന്നത്. ഇന്ന് പക്ഷേ കേരളത്തില്‍ തോന്നയ്ക്കലിലും ആലപ്പുഴയിലുമൊക്കെ ബയോ സേഫ്റ്റി ലെവല്‍ 2 സ്ഥിരീകരിക്കാനുള്ള സംവിധാനമുണ്ട്. കൂടുതല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ഇപ്പോള്‍ പരിഗണനയിലുണ്ട്.
ടെസ്റ്റ് ചെയ്‌ത് നിപ സംശയം അറിയിക്കാമെന്നല്ലാതെ ഉറപ്പിച്ച് പറയാനുള്ള സംവിധാനം സംസ്ഥാനത്തെ ലാബുകളിലില്ല. സംസ്ഥാന കേന്ദ്ര ചട്ടങ്ങള്‍ പ്രകാരം നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നിന്ന് ഔദ്യോഗികമായി റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ഇത് ഉറപ്പിച്ച് പറയാന്‍ സാധിക്കൂ. രോഗി എത്തിയാല്‍ ഉടനെ നിപയെന്ന് സ്ഥിരീകരിക്കാന്‍ കഴിയില്ല. പല ടെസ്റ്റുകളും നടത്തി ഡോക്‌ടറുടെ പരിശോധനയും അനുഭവ പരിചയവും വച്ച് മാത്രമേ ഇത് തിരിച്ചറിയാന്‍ കഴിയൂ. അതുകൊണ്ടുതന്നെ ആദ്യത്തെ രോഗി എപ്പോഴും ഗുരുതരാവസ്ഥയിലേക്ക് പോകുന്നതായി കാണാം.
ആദ്യ നിപ വ്യാപനത്തേക്കാള്‍ ശക്തമായ ആരോഗ്യ പ്രോട്ടോക്കോള്‍ ആണ് സംസ്ഥാനത്ത് ഇപ്പോള്‍ ഉള്ളത്. മുന്‍പ് ഇല്ലാതിരുന്ന പല മരുന്നുകളും മാര്‍ക്കറ്റില്‍ ലഭ്യവുമാണ്. അതുകൊണ്ടുതന്നെ യാതൊരു ഭയവും ഇപ്പോഴത്തെ നിപ വ്യാപനത്തില്‍ വേണ്ടെന്നും ഡോ.ഗോപകുമാര്‍ ഇ ടി വി ഭാരതിനോട് പറഞ്ഞു.