തിരുവനന്തപുരം: കൊവിഡിനൊപ്പം തന്നെ സംസ്ഥാനത്തിന് ആശങ്കയായിരിക്കുകയാണ് ഷിഗല്ല. എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഈ രോഗം റിപ്പോർട്ട് ചെയ്‌തു കഴിഞ്ഞു. അതിസാരം വിഭാഗത്തിൽ പെടുന്ന ബാക്‌ടീരിയ പകർത്തുന്ന രോഗമാണ് ഷിഗല്ല. ഈ രോഗം ഗുരുതരമാകുന്നത് ഷിഗല്ല ബാക്‌ടീരിയകൾ മനുഷ്യ ശരീരത്തിലെ വൻകുടൽ തുരന്നു കയറും എന്നതുകൊണ്ടാണ്. അതുകൊണ്ടുതന്നെ വൃക്കകളുടെ പ്രവർത്തനത്തെ ഇത് സാരമായി ബാധിക്കും.
മനുഷ്യൻ്റെ വിസർജ്യത്തിൽ നിന്നാണ് ഈ രോഗം പകരുന്നത്. അതുകൊണ്ടുതന്നെ വൃത്തിഹീനമായ വെള്ളമോ ഭക്ഷണമോ കഴിക്കുമ്പോൾ രോഗം വരാം. ഇക്കാര്യം പ്രത്യേകം ശ്രദ്ധിച്ചാൽ തന്നെ രോഗപ്പകർച്ച ഒഴിവാക്കാൻ കഴിയും. അതിസാരം വിഭാഗത്തിൽപ്പെടുന്ന രോഗമായതിനാൽ വയറിളക്കം തന്നെയാണ് ഈ രോഗത്തിനും പ്രധാന ലക്ഷണം. കുടലിൽ തുരന്നു കയറുന്നതിനാൽ മലത്തിൽ രക്തത്തിൻ്റെ അംശം കാണുന്നതിനൊപ്പം തന്നെ ചെറിയ പനിയും ഈ രോഗത്തിൻ്റെ ലക്ഷണമാണ്. വ്യക്തിശുചിത്വം പാലിക്കുക എന്നതാണ് പ്രധാനമായും രോഗം തടയാനുള്ള മാർഗം.