തിരുവനന്തപുരം : വംശഹത്യയെ തുടര്‍ന്ന് അഞ്ച് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ശ്രീലങ്കയില്‍ നിന്ന് ഇന്ത്യയിലേക്ക് അഭയം തേടിയെത്തിയ തമിഴ് വംശജരുടെ പരിതാപകരമായ ജീവിതത്തിന്‍റെ നേര്‍ സാക്ഷ്യമായി ഐഡിഎസ്എഫ്കെയിൽ 'എന്നിട്ടും ഇടമില്ലാത്തവർ' എന്ന ലോങ് ഡോക്യുമെന്ററി. മത്സര വിഭാഗത്തിലെ ചിത്രത്തിന്‍റെ ആദ്യ പ്രദർശനം കൈരളി തിയേറ്ററിൽ നടന്നു. ശ്രീലങ്കയില്‍ യുദ്ധക്കെടുതിയും, വംശീയതയും പട്ടിണിയും കൊടുമ്പിരിക്കൊണ്ടപ്പോള്‍ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായ ശ്രീലങ്കൻ തമിഴ് ജനതയുടെ ജീവിതം രേഖപ്പെടുത്തിയത് സംവിധായകനും മാധ്യമപ്രവർത്തകനുമായ പ്രിൻസ് പാങ്ങാടനാണ്.
തമിഴ്‌നാട്ടിലെ വിവിധയിടങ്ങളില്‍ അഭയം പ്രാപിച്ച ശ്രീലങ്കന്‍ ജനതയുടെ അല്ലാത്തവരുടെയും ജീവിതത്തിന്‍റെ കയ്‌പ്പേറിയ കാഴ്‌ചകള്‍ പ്രമേയമാക്കിയാണ് ഡോക്യുമെന്‍ററി പുരോഗമിക്കുന്നത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇന്ത്യയിലെത്തിയ ശ്രീലങ്കന്‍ അഭയാര്‍ഥികളുടെ രണ്ടും മൂന്നും തലമുറകള്‍ കഴിഞ്ഞു പോയി. കേരളത്തിന്‍റെ തോട്ടം തൊഴിലാളികളുടെ ജീവിതത്തിലൂടെ നമുക്കത് മനസിലാക്കാം.
ഒരു രാജ്യത്തിന്‍റെയും മേല്‍വിലാസമില്ലാതെ കഴിയുന്നത് ഏകദേശം ഒരു ലക്ഷത്തിലധികം പേരാണ്. തമിഴ് വംശഹത്യയെ തുടര്‍ന്ന് പലപ്പോഴായി ഇന്ത്യയിലേക്കെത്തി വിവിധയിടങ്ങളിലേക്ക് ചിതറിപ്പോയ അവരെ സാധാരണ പൗരര്‍ക്കുള്ള അവകാശങ്ങള്‍ പോലും നല്‍കാതെ മാറ്റി നിര്‍ത്തിയിരിക്കുന്നുവെന്നത് വേദനിപ്പിക്കുന്ന യാഥാര്‍ഥ്യങ്ങളിലൊന്നാണ്. ലയങ്ങളിലെ ചെറിയ ജീവിതവും വറ്റിയ പ്രതീക്ഷകളുമാണ് ഇവര്‍ക്കിപ്പോള്‍ ജീവിതം.
ഉഭയകക്ഷി കരാറുകളുടെ അടിസ്ഥാനത്തിൽ പുനരധിവസിക്കപ്പെട്ടവരാകട്ടെ വളരെക്കുറച്ചുപേര്‍ മാത്രം. ബാക്കിയുള്ളവര്‍ക്കെല്ലാം ഇപ്പോഴും ദുരിതം പേറിയുള്ള ജീവിതം തന്നെ. അഭയാർഥികളായി കാലങ്ങളോളം ജീവിക്കാം എന്നതിനപ്പുറം യാതൊരു സാമൂഹിക സുരക്ഷിതത്വവും ഇവര്‍ക്കില്ല. പലായനത്തിന്‍റെ ബാക്കിയാകുന്ന അഭയാർഥി ജീവിതം അതിന്‍റെ തനത് രൂപത്തിൽ തന്നെ അന്താരാഷ്ട്ര മേളയിലേക്കെത്തിക്കാൻ സാധിച്ചതിന്‍റെ ചാരിതാർഥ്യത്തിലാണ് അണിയറ പ്രവർത്തകർ.