തിരുവനന്തപുരം: ആകാശത്തേക്ക് ഉയർന്നുപൊങ്ങി വിവിധ വർണങ്ങളാൽ നേരിയ ശബ്‌ദത്തോടെ പൊട്ടിവിടരുന്ന ബിയർ ബോട്ടിൽ മത്താപ്പ്, കൊറോണ മത്താപ്പ്, ചട്ടിപ്പൂത്തിരി. തിരികൊളുത്തുമ്പോൾ മയിൽപ്പീലികൾ പോലെ വിടരുന്ന പീക്കോക്ക്. കുട്ടികളെ ആകർഷിക്കുന്ന ഡിസ്കോ വീൽ. പുതുമയുടെ പൊടിക്കൈകളുമായി തലസ്ഥാനത്ത് പടക്ക വിപണി സജീവം.
പതിവുപോലെ തമിഴ്‌നാട്ടിലെ ശിവകാശിയില് നിന്നാണ് ഇത്തവണയും പടക്കങ്ങൾ എത്തുന്നത്. ശിവകാശി പടക്കങ്ങൾക്ക് പുറമെ ചെെനീസ് പടക്കങ്ങളും ലോക്കൽ മെയ്‌ഡ് പടക്കങ്ങളും വിപണിയിലെ താരമാണ്. 10 രൂപയുടെ ഓലപ്പടക്കം മുതൽ 500 രൂപയിലേറെ വരുന്ന കമ്പങ്ങൾ വരെ വിപണിയിൽ സജീവമാണ്.
കമ്പിത്തിരി, മത്താപ്പ്, കുടച്ചക്രം, പമ്പരം എന്നിവ ഇത്തവണ കൂടുതൽ പുതുമയോടെയാണ് എത്തിയിരിക്കുന്നത്. സാധാരണ കമ്പിത്തിരിക്ക് പുറമേ വിവിധ വർണങ്ങളിൽ തീപ്പൊരി ചിതറുന്നതും, പലവിധ പൂക്കൾ വിരിയുന്ന കമ്പിത്തിരികളും പ്രധാന ആകർഷണങ്ങളാണ്. ഫാൻസി ഇനങ്ങൾക്കാണ് വിപണിയിൽ ഡിമാന്‍റ് കൂടുതലെങ്കിലും നാടൻ പടക്കങ്ങൾ വാങ്ങാനും തിരക്കുണ്ട്.
കിറ്റ് കാറ്റ് പടക്കം, ഒരു തിരി കൊളുത്തി 10 അടിയോളം ഉയരത്തിൽ നിര നിരയായി 5 മിനിറ്റോളം ദൈർഘ്യത്തിൽ പൊട്ടുന്ന സെറ്റ് പടക്കം, ഫോർ ആൻഡ് ഫോർ വീൽ, ഹെലികോപ്റ്റർ, കുരവപ്പൂവിനുള്ളിൽ നിന്ന് ചക്രം, ഡാൻസിങ് ചക്രം, വർണക്കാഴ്‌ച വിരിയിക്കുന്ന അമിട്ട് എന്നിവ വിപണിയിലെ താരങ്ങളാണ്. ദീപാവലി കച്ചവടം മുന്നിൽക്കണ്ട് നഗരത്തിൽ ചെറുതും വലുതുമായ നിരവധി പടക്കകടകൾ സജ്ജമായി കഴിഞ്ഞു.
മുൻ വർഷങ്ങളെ അപേക്ഷിച്ച് പടക്കങ്ങൾക്ക് വില കൂടിയിട്ടില്ലെന്നാണ് കച്ചവടക്കാർ അവകാശപ്പെടുന്നത്. കഴിഞ്ഞ രണ്ടു വർഷമായി മന്ദഗതിയിലായിരുന്ന വിപണി തിരിച്ചുപിടിക്കാനുള്ള പരിശ്രമത്തിലാണ് കച്ചവടക്കാർ. മഴപ്പേടിയുണ്ടെങ്കിലും കൊവിഡ് ഭീതി ഒഴിഞ്ഞെത്തുന്ന ഈ ദീപാവലിക്ക് കച്ചവടം പൊടിപൊടിക്കുമെന്നാണ് കച്ചവടക്കാരുടെ പ്രതീക്ഷ.