തിരുവനന്തപുരം: പൊതുപണിമുടക്കിൽ കട തുറന്നതിനെ തുടർന്ന് പോത്തൻകോട് സംഘർഷം. വൈകിട്ട് ആറ് മണിയോടെ ഒരു വിഭാഗം ആളുകൾ മുദ്രാവാക്യം വിളിച്ചു കൊണ്ട് പോത്തൻകോട് ജങ്‌ഷനിലുള്ള ദുബായ് ഹോട്ടലിനു നേരെ എത്തി. തുടർന്ന് കട തുറന്നതിനെ ചൊല്ലി ബഹളം നടന്നു. ബഹളത്തിനിടെ ഹോട്ടലിന്‍റെ ഗ്ലാസിന് നേരെ കല്ലെറിഞ്ഞ് ചില്ല് തകർത്തു. ഹോട്ടലിന്‍റെ ബോർഡും സമരക്കാർ തകർത്തു. തുടർന്ന് ആറ്റിങ്ങൽ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പൊലീസെത്തി പ്രതിഷേധക്കാരെ മാറ്റി.
ഹോട്ടൽ തുറക്കുന്നതിനെ ചൊല്ലി പോത്തൻകോട് കട ഉടമയും സമരാനുകൂലികളും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും നടന്നതിന് പിന്നാലെയാണ് വൈകിട്ട് കല്ലേറും അക്രമവും നടന്നത്. സമരക്കാരുടെ ആവശ്യം നിരസിച്ച് ഹോട്ടൽ ഉടമ കട തുറന്നതോടെ സമരാനുകൂലികൾ കടയ്ക്കുള്ളിൽ പ്രവേശിക്കുകയായിരുന്നു. തുടർന്ന് ഇരുകൂട്ടരും തമ്മിൽ സംഘർഷം ഉണ്ടായി. കട അടക്കില്ല എന്ന തീരുമാനത്തിൽ ഉടമ ഉറച്ച് നിന്നതോടെ കൂടുതൽ സമരാനുകൂലികൾ സ്ഥലത്തെത്തി പരസ്‌പരം വാക്കേറ്റവും ഭീഷണികളും മുഴക്കി.
പോത്തൻകോട് ഇൻസ്പെക്ടർ സുജിതിന്‍റെ നേതൃത്വത്തിലുള്ള പൊലീസും സ്ഥലത്തെത്തി. കട അടയ്ക്കില്ല എന്ന് ഉടമ പൊലീസിനോടും പറഞ്ഞു. സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി കവിരാജ് സ്ഥലത്തെത്തി കട ഉടമയും ബന്ധപ്പെട്ടവരുമായി ചർച്ച നടത്തിയതിന്‍റെ അടിസ്ഥാനത്തിൽ ഹോട്ടൽ അടച്ചു. ഹോട്ടൽ അടച്ചതോടെ സമരാനുകൂലികൾ പിരിഞ്ഞ് പോയതിന് പിന്നാലെയാണ് വൈകിട്ട് ആക്രമണം നടന്നത്. പണിമുടക്കിന്‍റെ പേരിൽ സിപിഎമ്മും ഡിവൈഎഫ്ഐയുമാണ് ആക്രമണം നടത്തിയതെന്ന് ഹോട്ടൽ ഉടമ നൗഷാദ് പറഞ്ഞു. എന്നാൽ ആക്രമണം നടത്തിയതിലും കല്ലേറിലും പാർട്ടിക്ക് പങ്കില്ല എന്ന് സിപിഎം പോത്തൻകോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി കവിരാജ് പറഞ്ഞു.