തിരുവനന്തപുരം: ഇരകളുടെ പേര് പരാമർശിക്കാതെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് ഉമ തോമസ്. സിനിമ മേഖലയിലെ സ്‌ത്രീകളുടെ പ്രശ്‌നങ്ങൾ സംബന്ധിച്ച വിവരങ്ങളാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ളത്. ഇക്കാര്യം സാംസ്‌ക്കാരിക വകുപ്പിന്‍റെ പരിധിയിലാണെന്ന് മന്ത്രി വി ശിവൻ കുട്ടി മറുപടി പറഞ്ഞു.
സിനിമാ മേഖലയിലെ അതിക്രമങ്ങളെക്കുറിച്ചുള്ള പല പരാതികളും കേൾക്കുന്നുണ്ട്. പരാതിയുള്ളവർ തൊഴിൽ വകുപ്പിന്‍റെ സഹജ പോർട്ടലിൽ പരാതി നൽകിയാൽ പരിഹരിക്കുമെന്നും വി ശിവൻകുട്ടി പറഞ്ഞു.
ടൂറിസം വകുപ്പ് ഇത്തവണ വിപുലമായ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു. കഴിഞ്ഞവർഷം വെർച്വൽ ഓണാഘോഷ പരിപാടിയാണ് നടത്തിയത്. കൊവിഡിന് ശേഷമുള്ള സാമ്പത്തിക മാന്ദ്യം മറികടക്കുന്നതിന് ടൂറിസം ആഗോള ട്രെൻഡ് ആയി മാറിയിട്ടുണ്ടെന്നും സംസ്ഥാനവും ഇതിന്‍റെ ഭാഗമാകാനുള്ള ശ്രമത്തിലാണെന്നും മന്ത്രി വ്യക്തമാക്കി.
കശുവണ്ടി തൊഴിലാളികളുടെ ഹാജർ കൃത്യമായി രേഖപ്പെടുത്താത്തത് മൂലം ഇഎസ്ഐ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്ന് പിസി വിഷ്‌ണുനാഥ് ചൂണ്ടിക്കാട്ടി. വിഷയം സൂചിപ്പിച്ച് കത്തു നൽകിയാൽ പരിശോധന നടത്താമെന്ന് വി ശിവൻകുട്ടി മറുപടി നൽകി.