തിരുവനന്തപുരം: ഡിജിറ്റൽ റീസർവേ പദ്ധതിക്ക് നവംബർ ഒന്നിന് തുടക്കം കുറിക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജൻ. നാലു വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. നാലുഘട്ടമായി നടപ്പാക്കുന്ന പദ്ധതിക്ക് 807 കോടി രൂപയാണ് ചെലവ്.
ഇതോടെ ഭൂമിയുമായി ബന്ധപ്പെട്ട സേവനം അതിവേഗത്തിലാകും. ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങളുടെ സംശയ ദൂരീകരണവും നടത്തും. 1550 വില്ലേജുകളിൽ ഒരേസമയം ഡിജിറ്റൽ റീസർവേ നടത്തും.
ആദ്യ ഘട്ടത്തിൽ 400 വില്ലേജുകളിൽ റീസർവേ നടത്തുന്നതിന് 339.438 കോടി രൂപയുടെ അനുമതി ലഭിച്ചിട്ടുണ്ട്. രണ്ടാം ഘട്ടത്തിന് 156.173 കോടി രൂപയും മൂന്നാം ഘട്ടത്തിന് 156.189 കോടി രൂപയും നാലാം ഘട്ടത്തിൽ 156.186 കോടി രൂപയുടെയും ഭരണാനുമതി ലഭിച്ചു. കണ്ടിന്യുവസ്‌ലി ഓപ്പറേറ്റിങ് റഫറൻസ് സ്‌റ്റേഷൻ (കോർസ്), റിയൽ ടൈം കൈൻമാറ്റിക് (ആർ.ടി.കെ), ഡ്രോൺ, ലിഡാർ, ഇ.ടി.എസ് തുടങ്ങിയ സാങ്കേതിക വിദ്യകൾ ഭൂമിയുടെ പ്രത്യേകതയ്ക്കനുസരിച്ച് ഇതിനായി ഉപയോഗിക്കും.
അവകാശ രേഖ ലഭ്യമാക്കൽ, ഉടമസ്ഥാവകാശം തെളിയിക്കുന്നതിന് ഏകീകൃതമായ അവകാശ രേഖ, ഓൺലൈൻ സേവനങ്ങൾ, ഭൂമിയുമായി ബന്ധപ്പെട്ട് കാലങ്ങളായി നിൽക്കുന്ന പ്രശ്‌നങ്ങൾ തീർപ്പാക്കൽ, കൃത്യമായ ഭൂരേഖകളും സ്‌കെച്ചുകളും ലഭ്യമാക്കുക എന്നിങ്ങനെയുള്ള നേട്ടം ഇതിലൂടെ ജനങ്ങൾക്ക് ലഭിക്കും. തദ്ദേശ, റവന്യൂ വകുപ്പുകൾ ചേർന്നാണ് പദ്ധതി നടപ്പാക്കുന്നതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഡിജിറ്റൽ സർവേ നടപ്പാക്കുന്നത് ജനപങ്കാളിത്തത്തോടെ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.