തിരുവനന്തപുരം: ഡീസൽ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ വെട്ടിക്കുറച്ചു. 50 ശതമാനം സര്‍വീസുകളാണ് വെട്ടിക്കുറച്ചിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ഇന്ന് (ഓഗസ്റ്റ് 6) ഭൂരിഭാഗം ഓര്‍ഡിനറി സര്‍വീസുകളും നിലയ്ക്കും. നാളെ കെഎസ്ആർടിസി ഓര്‍ഡിനറി സര്‍വീസുകൾ പൂര്‍ണമായി ഒഴിവാക്കും.
ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകളാകും ഈ ദിവസങ്ങളില്‍ ഉണ്ടാവുക. ഫാസ്റ്റ് പാസഞ്ചര്‍ മുതലുള്ള സൂപ്പര്‍ ക്ലാസ് സര്‍വീസുകള്‍ മുടക്കമുണ്ടാകില്ല. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയതിനാല്‍ ഡീസല്‍ അടിക്കുന്നതിന് പണമില്ലെന്നാണ് കെഎസ്ആര്‍ടിസി അധികൃതരുടെ വിശദീകരണം.
ചൊവ്വാഴ്‌ചയോടെ ഡീസല്‍ പ്രതിസന്ധി പരിഹരിക്കാനാകുമെന്നാണ് മാനേജ്‌മെന്‍റിന്‍റെ കണക്കുകൂട്ടല്‍. ഡീസല്‍ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ വരുമാനം കുറഞ്ഞ സര്‍വീസുകള്‍ റദ്ദാക്കണമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍മാര്‍ക്ക് കെഎസ്ആര്‍ടിസി എംഡി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. 135 കോടി രൂപയാണ് എണ്ണക്കമ്പനികള്‍ക്ക് കുടിശ്ശിക ഇനത്തില്‍ കെഎസ്ആര്‍ടിസി നല്‍കാനുള്ളത്. വന്‍ തുക കുടിശ്ശിക ആയതിനെ തുടര്‍ന്നാണ് എണ്ണകമ്പനികള്‍ ഡീസല്‍ വിതരണം നിര്‍ത്തിവച്ചത്.