തിരുവനന്തപുരം: ശബരിമലയിൽ ദർശനത്തിന് എത്തുന്നവരുടെ എണ്ണം വർധിപ്പിക്കുന്നത് പരിഗണനയിലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തീർഥാടകരുടെ എണ്ണം വർധിപ്പിക്കണമെന്ന ദേവസ്വം ബോർഡിന്‍റെ ആവശ്യം സർക്കാരിന്‍റെ മുന്നിലുണ്ട്. ആരോഗ്യ വകുപ്പിന്‍റെ അഭിപ്രായം കൂടി അറിഞ്ഞശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. പ്രതിദിനം 5000 പേരെ അനുവദിക്കണമെന്നാണ് ദേവസ്വം ബോർഡ് സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിൻ്റെ തോത് കുറഞ്ഞിട്ടുണ്ടെന്നാണ് സർക്കാർ വിലയിരുത്തൽ. അതുകൊണ്ടുതന്നെ ദേവസ്വം ബോർഡിന്‍റെ ഈ ശുപാർശ സർക്കാർ അംഗീകരിക്കാനാണ് സാധ്യത. വരുമാന പ്രതിസന്ധി കണക്കിലെടുത്താണ് ദർശനത്തിനെത്തുന്ന ഭക്തരുടെ എണ്ണം വർധിപ്പിക്കണമെന്ന് ദേവസ്വം ബോർഡ് ആവശ്യപ്പെട്ടിരിക്കുന്നത്.
മുൻ വർഷങ്ങളിൽ സീസണിൽ മൂന്നരക്കോടി രൂപ വരെ പ്രതിദിന വരുമാനം ഉണ്ടായിരുന്ന ശബരിമലയിൽ ഇപ്പോൾ വരുമാനം 10 ലക്ഷം രൂപയിൽ താഴെയാണ്. ഇത് ദേവസ്വം ബോർഡിന് ഉണ്ടാക്കുന്നത് കനത്ത സാമ്പത്തിക പ്രതിസന്ധിയാണ്. അതിനാലാണ് ഇത്തരമൊരു ആവശ്യം സർക്കാരിന്‍റെ മുന്നിലേക്ക് ദേവസ്വം ബോർഡ് വച്ചത്. പ്രതിദിനം 1000 പേരെയും അവധി ദിവസങ്ങളിൽ 2000 പേരെയുമാണ് ശബരിമലയിൽ ഇപ്പോൾ ദർശനത്തിന് അനുവദിക്കുന്നത്. വെർച്ചൽ ക്യൂ വഴി ബുക്ക് ചെയ്‌തവർക്ക് മാത്രമാണ് ദർശനത്തിന് അനുമതി നൽകുന്നത്.