തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ പട്ടികവർഗക്കാർക്ക് മാത്രമായുള്ള തൊഴിൽ ദിനങ്ങളിൽ വൻ അട്ടിമറി. മറ്റു വിഭാഗങ്ങളെക്കാൾ 100 തൊഴിൽ ദിനങ്ങൾ അധികമായി നൽകുന്നതിനുള്ള ട്രൈബൽ പ്ലസ് പദ്ധതി ദുരുപയോഗം ചെയ്താണ് പട്ടിക വർഗ്ഗ വിഭാഗത്തിൽ പെടാത്തവർക്ക് 100 ദിവസത്തിലധികം തൊഴിൽദിനങ്ങൾ നൽകിയത്. പട്ടിക വർഗ്ഗത്തിന് മാത്രമായുള്ള അധിക വേതന ലഭ്യത മറ്റു വിഭാഗങ്ങൾക്ക് നൽകുന്നത് ഗുരുതര ചട്ടലംഘനം ആണെന്നിരിക്കെ വീഴ്ച ഒതുക്കി തീർക്കാനുള്ള നീക്കമാണ് നടന്നത്. ജനറൽ വിഭാഗത്തെ പട്ടികവർഗ്ഗത്തിൽ ഉൾപ്പെടുത്തി ജോബ് കാർഡ് നൽകിയിട്ടുള്ളത് ഗുരുതര വീഴ്ച ആയതിനാൽ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലുറപ്പു മിഷൻ ജില്ലാ ജോയിന്‍റ് പ്രോഗ്രാം കോ ഓർഡിനേറ്റർമാർക്ക് അയച്ച കത്തിന്‍റെ പകർപ്പും ഇടിവി ഭാരതിന് ലഭിച്ചു.
പൊതുവിഭാഗത്തിലോ പട്ടികജാതി (എസ്‌സി) വിഭാഗത്തിലോ ഉൾപ്പെടുത്തി രജിസ്റ്റർ ചെയ്തിട്ടുള്ള ജോബ് കാർഡിൽ ഉൾപ്പെട്ടവർക്ക് 100 ദിവസം വരെ മാത്രമേ തൊഴിൽ നൽകാൻ പാടുള്ളൂ. എന്നാൽ 101 മുതൽ 200 വരെ ദിവസങ്ങൾ തൊഴിൽ നൽകണമെങ്കിൽ തൊഴിലാളികളുടെ ജോബ് കാർഡ് പട്ടികവർഗ്ഗ വിഭാഗത്തിൽ രജിസ്റ്റർ ചെയ്തിരിക്കണം. എന്നാൽ ഗ്രാമപഞ്ചായത്തുകളിൽ ഈ ജോലി നിർവഹിക്കുന്ന അക്കൗണ്ടന്‍റ് കം ഐടി അസിസ്റ്റന്‍റുമാർ പൊതുവിഭാഗത്തില്‍ പെട്ടവരോ പട്ടികജാതി വിഭാഗത്തിൽ പെട്ടവരോ 100 ദിവസത്തെ തൊഴിൽ ചെയ്തു കഴിയുമ്പോഴോ അതിന് മുൻപോ തൊഴിൽ കാർഡിൽ പട്ടിക വർഗം എന്നാക്കി എഡിറ്റ് ചെയ്തതാണ് സോഫ്റ്റ്‌വെയറിനെ പോലും കബളിപ്പിക്കുന്നത്. തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ട് കഴിഞ്ഞാൽ 100ലധികം തൊഴിൽദിനങ്ങൾ നൽകിയ ശേഷം വീണ്ടും ജോബ് കാർഡ് പൊതുവിഭാഗം അല്ലെങ്കിൽ എസ്‌ടി ആക്കി എഡിറ്റ് ചെയ്ത് മാറ്റും.
അതേസമയം സ്വയം തൊഴിലും വേതനവും നൽകി കഴിഞ്ഞാൽ എന്നാൽ പിന്നീട് സോഫ്റ്റ്‌വെയറിൽ നിന്നും ആകെ നൽകിയ തൊഴിൽ ദിനങ്ങൾ മാറ്റാൻ കഴിയില്ല. പലപ്പോഴും ജോബ് കാർഡിൽ ഏതു പേര് ആയാലും വിഭാഗത്തിൽ എസ്‌ടി എന്ന് തന്നെ രേഖപ്പെടുത്തിയിരിക്കുന്നതിനാൽ വിശദ പരിശോധനയിലൂടെ മാത്രമേ കോടികൾ അനർഹരുടെ കൈകളിൽ എത്തിയ ഗുരുതര അഴിമതിയുടെ വ്യാപ്തി കണ്ടെത്താൻ കഴിയു എന്നാണ് തദ്ദേശ വകുപ്പിലെ ഉദ്യോഗസ്ഥർ പറയുന്നത്.