തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപനം രൂക്ഷം (Dengue fever spreading in state). ഇന്നലെ മാത്രം 55 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. കഴിഞ്ഞ 21 ദിവസത്തിനിടെ 1147 പേര്‍ക്ക് ഡെങ്കി സ്ഥിരീകരിച്ചിട്ടുണ്ട്. ഡെങ്കി സംശയിച്ച് 137 പേര്‍ ഇന്നലെ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി.
ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഇതിനു പുറമേ പകര്‍ച്ചപനിയും വലിയ രീതിയില്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഈ മാസം ഇന്നലെ വരെ മാത്രം 1,61,414 പേര്‍ സംസ്ഥാനത്ത് പനിക്ക് ചികിത്സ തേടിയിട്ടുണ്ട്. എല്ലാ ജില്ലകളിലും പനി വ്യാപകമാണ്.
ഹോട്ട് സ്‌പോട്ടുകള്‍ പ്രസിദ്ധീകരിക്കാന്‍ ആരോഗ്യവകുപ്പ് : ഡെങ്കിപ്പനി വ്യാപകമായ സ്ഥലങ്ങളെ ഉള്‍പ്പെടുത്തി ഹോട്ട്സ്പോട്ടുകള്‍ പ്രസിദ്ധീകരിക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചു. ജില്ല മെഡിക്കല്‍ ഓഫിസര്‍, ജില്ല കലക്‌ടര്‍ എന്നിവര്‍ കൂടിയാലോചിച്ചാകും ഹോട്ട്സ്പോട്ടുകള്‍ തയാറാക്കുക. വിവിധ വകുപ്പുകളും ജനപ്രതിനിധികളുമായും ചര്‍ച്ച ചെയ്‌ത് വാര്‍ഡുതലം മുതലുള്ള ഫീല്‍ഡുതല പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും.
ഇവിടെ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാകും ജില്ലകളിലെ ഹോട്ട് സ്‌പോട്ടുകള്‍ തയാറാക്കുക. ഇത് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൈമാറുകയും അതനുസരിച്ചുളള തുടര്‍ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കാനും നിര്‍ദേശം നല്‍കി. ഡെങ്കി, പകര്‍ച്ചപ്പനി പ്രതിരോധത്തിന്‍റെ ഭാഗമായി ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് ഹോട്ട് സ്പോട്ട് തയാറാക്കാന്‍ നിര്‍ദേശം നല്‍കിയത്. ആശുപത്രികളില്‍ മരുന്നുകളുടെ ലഭ്യത ഉറപ്പ് വരുത്താനുള്ള നടപടികള്‍ സ്വീകരിക്കാനും ജില്ല മെഡിക്കല്‍ ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മറ്റ് നിര്‍ദേശങ്ങള്‍ : ജില്ല മെഡിക്കല്‍ ഓഫിസര്‍മാര്‍ ജില്ലാ കലക്‌ടര്‍മാരുമായി കൂടിയാലോചിച്ച് ജനപ്രതിനിധികളെയും സന്നദ്ധ പ്രവര്‍ത്തകരെയും വിവിധ വകുപ്പുകളെയും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കണം. വരുന്ന എട്ട് ആഴ്‌ചകളില്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങള്‍ തോറും ഡ്രൈ ഡേ ആചരിക്കണം (Dry day on Sundays). വെള്ളിയാഴ്‌ച സ്‌കൂളുകള്‍, ശനിയാഴ്‌ച ഓഫിസുകള്‍, ഞായറാഴ്‌ച വീടുകള്‍ എന്നിങ്ങനെയാണ് ഡ്രൈ ഡേ ആചരിക്കേണ്ടത്. ഇത് ജില്ലാതലത്തില്‍ ഉറപ്പ് വരുത്തണം.
സ്വകാര്യ ആശുപത്രികളിലെ പകര്‍ച്ചപ്പനി കേസുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യണമെന്നും യോഗം നിര്‍ദേശം നല്‍കി. മരണം പരമാവധി ഒഴിവാക്കാന്‍ പ്രോട്ടോകോള്‍ അനുസരിച്ച് ചികിത്സ ഉറപ്പാക്കണം. അതിനായി സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ തുടര്‍പരിശീലനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലാ വെക്‌ടര്‍ കണ്‍ട്രോള്‍ യൂണിറ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകം യോഗം വിശകലനം ചെയ്‌തു. ഇവരെ കാര്യക്ഷമമായി വിന്യസിപ്പിച്ചുകൊണ്ട് കൊതുക് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ ജില്ല മെഡിക്കല്‍ ഓഫിസര്‍മാര്‍ക്ക് ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി.
വിടും പരിസരങ്ങളും സ്ഥാപനങ്ങളും വൃത്തിയായി സൂക്ഷിക്കണം. വീടിന്‍റെ പുറത്തും അകത്തും ചെറുതും വലുതുമായ ഇടങ്ങളില്‍ വെള്ളം കെട്ടി നില്‍ക്കാതെ നോക്കണം. അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക്, ചിരട്ട മുതലായവയില്‍ വെള്ളം കെട്ടി നിന്ന് കൊതുക് വളരാം. വീട്ടിനകത്തെ ചെടികള്‍ വയ്ക്കുന്ന ട്രേ കൊതുകിന്‍റെ ഉറവിടമായി കാണുന്നുണ്ട്. അതിനാല്‍ ചെടിച്ചട്ടികളുടെയും ഫ്രിഡ്‌ജിലേയും ട്രേയിലെയും വെള്ളം ആഴ്‌ച തോറും മാറ്റണം. ആക്രിക്കട, ടയര്‍കട എന്നിവ വെള്ളം വീഴാതെ സുരക്ഷിതമാക്കണം. ജലക്ഷാമമുള്ള സ്ഥലങ്ങളില്‍ വെള്ളം ശേഖരിച്ച് വയ്ക്കുന്ന പാത്രങ്ങളും നിര്‍മാണ സ്ഥലത്തിലെ ടാങ്കുകളും കൊതുകിന്‍റെ പ്രജനന കേന്ദ്രമാകാതെ ശരിയായ രീതിയില്‍ മൂടി വയ്‌ക്കേണ്ടത് അത്യാവശ്യമാണ്.
എലിപ്പനി പ്രതിരോധത്തിനായി മണ്ണുമായും മലിനജലവുമായും ഇടപെടുന്നവര്‍ നിര്‍ബന്ധമായും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. പനി ബാധിച്ചാല്‍ സ്വയം ചികിത്സ പാടില്ല. നീണ്ടുനില്‍ക്കുന്ന പനി വളരെ ശ്രദ്ധിക്കണം.
ALSO READ: പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത് ടൈഫോയിഡ്; തമിഴ്‌നാട്ടിൽ ഡെങ്കിപ്പനി ബാധിച്ച് മലയാളി ഡോക്‌ടർ മരിച്ചു