തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം തൃശൂരില്‍ വേദി പങ്കിട്ടതിനെ ന്യായീകരിച്ച് മറിയക്കുട്ടി (Mariyakkutty) രംഗത്ത്. 'ഞാൻ പകല്‍ ബിജെപിയും രാത്രി കോൺഗ്രസും ആകുന്നുവെന്നാണ് പറയുന്നത്. രാത്രിയായാലും പകലായാലും പിണറായിയുടേത് ഒഴികെ മറ്റേത് പാർട്ടിക്കാർ വിളിച്ചാലും ഞാന്‍ പരിപാടിക്ക് പോകും.' പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി പൊതുപരിപാടികളിൽ വേദി പങ്കിടുന്ന ചിത്രങ്ങളും മറിയക്കുട്ടി സമര വേദിയിൽ ഉയർത്തിക്കാട്ടി.
മോദിയോടൊപ്പം പിണറായി വേദി പങ്കിടുന്ന ചിത്രങ്ങൾക്ക് എന്ത് വിശദീകരണം നല്‍കുമെന്നും മറിയക്കുട്ടി ചോദിച്ചു. സാമൂഹ്യ സുരക്ഷ പെൻഷൻ ഔദാര്യമല്ല, അവകാശമാണെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ സേവ് കേരള ഫോറം (Save Kerala forum program) സംഘടിപ്പിച്ച അവകാശ സംരക്ഷണ ധർണയിൽ പങ്കെടുക്കാനായിരുന്നു മറിയക്കുട്ടി തലസ്ഥാനത്ത് എത്തിയത്.
മറിയക്കുട്ടിയോടൊപ്പം അന്നകുട്ടിയും സമരത്തിൽ പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, അന്നക്കുട്ടി സമരത്തിന് എത്തിയിരുന്നില്ല. സേവ് കേരള ഫോറം ജനറൽ സെക്രട്ടറി കെ എം ഷാജഹാന്‍റെ നേതൃത്വത്തിലായിരുന്നു അവകാശ സംരക്ഷണ ധർണ നടത്തിയത്. പിണറായിയുടേത് ഒഴിച്ച് ബാക്കി ഏത് പാർട്ടി വിളിച്ചാലും പരിപാടികളിൽ പങ്കെടുക്കുമെന്ന് മറിയക്കുട്ടി ആവര്‍ത്തിച്ച് വ്യക്തമാക്കി.
പിണറായി ഇവിടെ ഭരിക്കുന്ന രാജാവാണ്. കണ്ണൂരിൽ നിന്നും ഗുണ്ടകളെ ഇറക്കി ആക്രമിക്കുന്നുവെന്നും മറിയക്കുട്ടി ആരോപിച്ചു. 'പെൻഷൻ കിട്ടുന്നില്ല. കുഞ്ഞങ്ങളെ കൊല്ലുന്നു. ജാഥയ്ക്ക് പങ്കെടുക്കുന്ന കുട്ടികളുടെ തല തല്ലിപൊളിക്കുന്നു. പിണറായിയേക്കാൾ എത്രയോ സത്യസന്ധമായാണ് ഞാൻ ജീവിക്കുന്നത്.' പെൺകുട്ടികളുടെ വസ്ത്രം വലിച്ചു കീറാൻ ഈ പോലീസുകാർക്ക് ആരാണ് അനുമതി നൽകിയതെന്നും മറിയക്കുട്ടി ചോദിച്ചു.
ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്നാണ് പെന്‍ഷന്‍ ചോദിച്ചത്. മാസപ്പടിയില്‍ നിന്നല്ലെന്നും മറിയക്കുട്ടി പരിഹസിച്ചു. വിധവ പെന്‍ഷന്‍ മുടങ്ങുന്നതിനെതിരെ പിച്ചച്ചട്ടി സമരം നടത്തി സംസ്ഥാനത്ത് ശ്രദ്ധേയയായിരുന്നു മറിയക്കുട്ടി. ബിജെപി മഹിള മോര്‍ച്ച തൃശൂരില്‍ സംഘടിപ്പിച്ച സ്ത്രീ ശക്തി മോദിക്കൊപ്പം പരിപാടിയില്‍ മറിയക്കുട്ടി പങ്കെടുത്തതില്‍ സിപിഎം നേതാക്കള്‍ വലിയ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.
78കാരിയായ മറിയക്കുട്ടിക്ക് പെന്‍ഷന്‍ നല്‍കാത്തതിനെച്ചൊല്ലി മുമ്പ് കേരള ഹൈക്കോടതി സര്‍ക്കാരിനെതിരെ നിശിത വിമര്‍ശനം ഉയര്‍ത്തിയിരുന്നു.