തിരുവനന്തപുരം: കൊവിഡ് ചികിത്സയിലിരിക്കെ മരിച്ചയാളുടെ മൃതദേഹം വിട്ടുകൊടുക്കാൻ വൈകിയെന്ന ആരോപണം വസ്‌തുതാ വിരുദ്ധമെന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ. ഒക്‌ടോബർ 2ന് മരിച്ച പത്തനാപുരം സ്വദേശി ദേവരാജന്‍റെ മൃതദേഹം 19 ദിവസം കഴിഞ്ഞിട്ടും വിട്ടുകൊടുത്തില്ലെന്നായിരുന്നു ആരോപണം. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയ ശേഷം ഒക്‌ടോബർ മൂന്നിന് തന്നെ പത്തനാപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയേയും കൊല്ലം ഡിഎംഒയെയും അറിയിച്ചിരുന്നു.
ദേവരാജൻ ആശുപത്രിയിൽ അഡ്‌മിറ്റായ സമയം നൽകിയ ഫോൺ നമ്പറിൽ വിളിച്ച് മരണവിവരം അറിയിച്ചു. തങ്ങളുടെ ബന്ധുവല്ല എന്ന് മറുപടി ലഭിച്ചതിനെത്തുടർന്ന് പത്തനാപുരം പൊലീസ് സ്‌റ്റേഷനിൽ ബന്ധപ്പെട്ടു. വിവരം ബന്ധുക്കളെ അറിയിച്ചിട്ടുണ്ടെന്നാണ് പൊലീസ് മറുപടി നൽകി. ദേവരാജന്‍റെ മകൾ മഞ്ജുഷ വിദേശത്തുനിന്ന് എത്തി ഒക്‌ടോബർ 15 വരെ നിരീക്ഷണത്തിലായിരുന്നു. ഭാര്യ കൊവിഡ് പോസിറ്റീവായി നിരീക്ഷണത്തിലായി. മൃതദേഹം പ്രോട്ടോകോൾ പ്രകാരം ഏറ്റുവാങ്ങാൻ പഞ്ചായത്തിൽ നിന്നും ആരും എത്തിയിരുന്നില്ല. മൃതദേഹം വിട്ടുനൽകാനുള്ള സാങ്കേതിക നടപടികൾ പൂർത്തിയാക്കാൻ ബന്ധുക്കൾ വൈകിയതാണ് യഥാർത്ഥ കാരണമെന്നും ആശുപത്രി അധികൃതർ വിശദീകരിക്കുന്നു.