തിരുവനന്തപുരം: യുവസംവിധായക നയനസൂര്യയുടെ മരണത്തിൽ ക്രൈം ബ്രാഞ്ച് മൊഴിയെടുക്കൽ ആരംഭിച്ചു. നയനയുടെ സഹോദരൻ മധു ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് എത്തി മൊഴി നൽകി. നയനയുടെ സഹോദരനെ കൂടാതെ സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തും.
ആദ്യ അന്വേഷണത്തിൽ ഉൾപ്പെട്ടിരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെയും മൊഴി രേഖപ്പെടുത്തും. വീടിനുള്ളിൽ നിന്നുള്ള ഫോറൻസിക് തെളിവുകളും പൊലീസ് പരിശോധിച്ച് വരികയാണ്. കേസിൽ നിർണായക തെളിവുകളാകുമെന്ന് ക്രൈം ബ്രാഞ്ച് കരുതുന്ന നയനയുടെ മൊബൈൽ ഫോണുകളിലെയും ലാപ്ടോപ്പുകളിലെയും രേഖകൾ ആദ്യ അന്വേഷണത്തിൽ പൂർണമായും ഡിലീറ്റ് ചെയ്‌ത നിലയിലായിരുന്നു വീട്ടുകാർക്ക് തിരികെ ലഭിച്ചത്.
ഇത് വീണ്ടെടുക്കാനുള്ള ഫോറൻസിക് സംഘത്തിന്‍റെ ശ്രമം തുടരുകയാണ്. പൂർണമായും ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ചിന്‍റെ അന്വേഷണം പുരോഗമിക്കുന്നത്. നയന താമസിച്ചിരുന്ന വീട്ടിലും കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് സംഘമെത്തി പരിശോധന നടത്തിയിരുന്നു.
2019 ഫെബ്രുവരി 29നായിരുന്നു വാടക വീട്ടിൽ നയനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് കേസിൽ ആദ്യം അന്വേഷണം നടത്തിയ മ്യൂസിയം പൊലീസ് നയനയുടേത് ആത്മഹത്യയായിരുന്നുവെന്നും സ്വയം മുറിവേല്‍പ്പിച്ച് ആനന്ദം കണ്ടെത്തുന്ന ശീലമുണ്ടായിരുന്നുവെന്നും ചൂണ്ടിക്കാട്ടി കേസ് ഫയൽ അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് പൊലീസിന്‍റെ മൃതദേഹ പരിശോധന റിപ്പോർട്ടും പോസ്റ്റ്‌മാർട്ടം റിപ്പോർട്ടും തമ്മിൽ വലിയ വ്യത്യാസമുള്ളതായി കണ്ടെത്തുകയും സംഭവം വിവാദമാകുകയും ചെയ്‌തിരുന്നു.
തുടര്‍ന്ന് നയനയുടെ സുഹൃത്തുക്കളുടെ സമ്മർദത്തിലാണ് പൊലീസ് അന്വേഷണം പുനരാരംഭിച്ചത്. അന്വേഷണത്തിൽ പ്രാദേശിക പൊലീസിനുണ്ടായ വീഴ്‌ച വിവാദമായതോടെ ജില്ല പൊലീസ് മേധാവി ഇടപെടുകയും കേസിന്‍റെ അന്വേഷണം ക്രൈം ബ്രാഞ്ച് എസ് പി മധുസൂധനന്‍റെ നേതൃത്വത്തിലുള്ള സംഘത്തിന് കൈമാറുകയും ചെയ്‌തു.