തിരുവനന്തപുരം: കൊവിഡിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളജിൽ മരിച്ച മാഹി സ്വദേശിയെ രക്ഷിക്കാൻ എല്ലാ ശ്രമങ്ങളും നടത്തിയിരുന്നതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. കൊവിഡിനൊപ്പം ഹൃദ്രോഗം അടക്കമുള്ള ഗുരുതര രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു ഇദ്ദേഹം. രോഗം കണ്ടെത്തുന്നതിൽ കാലതാമസം ഉണ്ടായിട്ടില്ല. മരിച്ചയാൾക്ക് എവിടെ നിന്നാണ് രോഗബാധയുണ്ടായതെന്ന് കണ്ടെത്തിയിട്ടില്ല. ഇയാളുമായി ബന്ധപ്പെട്ട 83 പേരുടെ സമ്പർക്ക പട്ടിക തയ്യാറാക്കിയിട്ടുണ്ട്.
മാഹിയിൽ താമസിക്കുന്ന ഒൻപത് ബന്ധുക്കളുടെ പരിശോധന ഫലവും നെഗറ്റീവാണ്. സാമൂഹ്യ പ്രവർത്തകനായ ഇയാളുമായി ബന്ധപ്പെട്ട കൂടുതൽ പേരെ കണ്ടെത്താൻ 15 അംഗ മെഡിക്കൽ സംഘത്തെ നിയോഗിച്ചു. മാഹിയിലെയും കേരളത്തിലെയും സംഘങ്ങൾ സംയുക്തമായി സമ്പർക്ക പട്ടിക തയ്യാറാക്കും. മാഹി ആരോഗ്യ വകുപ്പിന് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഏത് സാഹചര്യവും നേരിടാൻ സംസ്ഥാനം തയ്യാറാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.