തിരുവനന്തപുരം: സംസഥാന ജൂനിയർ അത്‌ലറ്റിക് മീറ്റിനിടെ ഹാമർ തലയിൽ വീണ് പ്ലസ് വൺ വിദ്യാർഥി അഫീൽ ജോൺസൺ മരിച്ച സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പരിശോധിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഇ.പി ജയരാജൻ നിയമസഭയില്‍ പറഞ്ഞു. മത്സരം നടന്നപ്പോൾ പൊതുവായ നിയമങ്ങൾ പാലിച്ചിട്ടുണ്ടോയെന്നും സുരക്ഷാ ക്രമീകരണങ്ങളിൽ വീഴ്ച ഉണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കാൻ മൂന്നംഗ കമ്മിഷനെ നിയമിച്ചിട്ടുണ്ട്.
സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്കൂൾ മീറ്റിന് നിരീക്ഷകനെ ചുമതലപ്പെടുത്താൻ തീരുമാനിച്ചതായും ചട്ടവിരുദ്ധമായി മത്സരങ്ങൾ നടത്താതിരിക്കാൻ സർക്കുലർ നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. അഫീൽ ജോൺസന്റെ മരണം സംബന്ധിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഉപക്ഷേപത്തിനായിരുന്നു മന്ത്രിയുടെ മറുപടി. അഫീലിന്റെ മരണത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.