തിരുവനന്തപുരം: സംസ്ഥാനത്തെ സ്റ്റേജ് കാര്യേജ് ബസുകളിൽ കാമറ ഘടിപ്പിക്കാനുള്ള സമയപരിധി ജൂൺ 30 വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്‍റണി രാജു അറിയിച്ചു. നേരത്തെ നൽകിയിരുന്ന സമയപരിധി മാർച്ച് 31 ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ജൂൺ 30 വരെ നീട്ടി ഉത്തരവിറക്കിയത്. സ്വകാര്യ ബസുകൾ തമ്മിലുള്ള മത്സരയോട്ടം മൂലം ഉണ്ടാകുന്ന വാഹനാപകടങ്ങൾ നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് ബസുകളുടെ അകത്തും പുറത്തും കാമറ സ്ഥാപിക്കാൻ ഗതാഗത വകുപ്പ് ഉത്തരവിറക്കിയത്.
നിലവിലെ തീരുമാനമനുസരിച്ച് സ്റ്റേജ് കാര്യേജ് ബസുകൾക്ക് പുറമെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസുകൾക്കും കോൺട്രാക്‌ട് കാര്യേജുകൾക്കും കാമറകൾ നിർബന്ധമാക്കാൻ ഗതാഗത വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. നിലവാരമുള്ള കാമറകളുടെ ദൗർലഭ്യമാണ് സമയപരിധി നീട്ടാൻ കാരണം. മാത്രമല്ല അധികമായി ആവശ്യം വന്നപ്പോൾ കമ്പനികൾ അമിതവില ഈടാക്കി ചൂഷണം ചെയ്യുന്ന സാഹചര്യം ഉണ്ടായതിനെ തുടർന്നും കാമറ വാങ്ങാനുള്ള കെഎസ്‌ആർടിസിയുടെ ടെൻഡർ നടപടി പൂർത്തിയാക്കാൻ അധിക സമയം വേണ്ടതും പരിഗണിച്ചാണ് സമയപരിധി നീട്ടിയത്.
നേരത്തെ ഫെബ്രുവരി 28 നകം ബസുകളിൽ കാമറ ഘടിപ്പിക്കണമെന്നായിരുന്നു നിർദേശം. തുടർന്നാണ് മാർച്ച് 31 വരെ സമയപരിധി നീട്ടിയത്. 28നകം ബസുകളിൽ കാമറ ഘടിപ്പിക്കുന്നത് അപ്രയോഗികമാണെന്ന ബസ് ഉടമകളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സമയപരിധി നീട്ടിയത്. ബസിന്‍റെ അകവും പുറവും വ്യക്തമായി കാണാൻ കഴിയുന്ന രണ്ട് ക്ലോസ്‌ഡ് സർക്യൂട്ട് കാമറകൾ ബസുകളിൽ സ്ഥാപിക്കാനാണ് നിർദേശം.
ചെലവിന്‍റെ അമ്പത് ശതമാനം റോഡ് സുരക്ഷ ഫണ്ടിൽ നിന്ന് സർക്കാർ നൽകും. വീഴ്‌ച വരുത്തിയാൽ അവരുടെ ബസ് പെർമിറ്റ് റദ്ദാക്കും. ബസുകൾ നിരന്തരം നിരീക്ഷിക്കാൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശവും നൽകിയിരുന്നു.
അമിത നിരക്കിന് പിടിവീഴും; അതേസമയം ഉത്സവ സീസണുകളിൽ യാത്രക്കാരില്‍ നിന്ന് അമിത നിരക്ക് ഈടാക്കുന്ന അന്തര്‍ സംസ്ഥാന ബസുകൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഗതാഗത മന്ത്രിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന ഉന്നതതല യോഗത്തിൽ തീരുമാനിച്ചു. ഉത്സവ സീസണിലെ വാഹന പരിശോധനയ്ക്കായി സ്ക്വാഡ് രൂപീകരണത്തിനായി ട്രാൻസ്പോർട്ട് കമ്മീഷണറുടെ നേതൃത്വത്തിൽ ഏപ്രിൽ ഒന്നിന് പ്രത്യേക യോഗം ചേരുമെന്നും ഉന്നതതല യോഗത്തിൽ അറിയിച്ചു. അവധിക്കാലവും ഉത്സവ സീസണുമായ സാഹചര്യത്തിൽ അധിക സർവീസ് നടത്താനും ഗതാഗത മന്ത്രി കെഎസ്‌ആർടിസിക്ക് നിർദേശം നൽകി.
സ്‌പീഡ് ഗവർണറിലും ജിപിഎസിലും കൃത്രിമം കാണിച്ച് അനുവദനീയമായതിലും അധികം വേഗതയിൽ ഓടിക്കുന്ന കോൺട്രാക്‌ട് കാര്യേജ് വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും മന്ത്രി മോട്ടോർ വാഹന വകുപ്പിന് നിർദേശം നൽകി. നിയമം ലംഘിച്ച് ഓടിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കുന്നത് മൂലം യാത്രക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കേണ്ട പൂർണ ഉത്തരവാദിത്വം ബസ് ഉടമകൾക്കാണെന്നും മന്ത്രി വ്യക്തമാക്കി.
ഈസ്റ്റർ, വിഷു, റംസാൻ പ്രമാണിച്ച് സംസ്ഥാനാന്തര യാത്രകളിൽ അമിത നിരക്ക് ഈടാക്കി യാത്രക്കാരെ ചൂഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് മന്ത്രിയുടെ അധ്യക്ഷതയിൽ അടിയന്തര യോഗം ചേര്‍ന്നത്.