തിരുവനന്തപുരം: സർക്കാർ നൽകിയ ഉറപ്പുകൾ നടപ്പാക്കണമെന്നാവശ്യപ്പെട്ട് എൻഡോസൾഫാൻ ദുരിതബാധിതർ വീണ്ടും സമരത്തിലേക്ക്. കഴിഞ്ഞ വർഷം സെക്രട്ടേറിയറ്റിനു മുന്നിൽ നടന്ന സമരത്തിൽ മുഖ്യമന്ത്രി നൽകിയ ഉറപ്പുകൾ പാലിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദുരിതബാധിതർ സമരത്തിനിറങ്ങുന്നത്. സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന ഉപവാസ സമരത്തിൽ എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി നേതാവ് ദയാബായി പങ്കെടുത്തു. എൻഡോസൾഫാൾ ദുരിതബാധിതർ അനുഭവിക്കുന്ന ദയനീയത ഏകാംഗ നാടകമായി അവതരിപ്പിച്ചായിരുന്നു ദയാബായിയുടെ പ്രതിഷേധം.
ഉറപ്പുകൾ പാലിക്കാതെ വഞ്ചനയാണ് സർക്കാർ കാണിക്കുന്നതെന്ന് ദയാബായി പറഞ്ഞു. ദുരിത ബാധിതരുടെ പട്ടികയിലുൾപ്പെട്ടവർ വരെ ചികിത്സ ലഭിക്കാതെ മരിക്കുകയാണെന്നും ദയാബായി കുറ്റപ്പെടുത്തി. പല തവണ ഉന്നയിച്ച ആവശ്യങ്ങൾ മാത്രമാണ് സർക്കാരിനോട് ആവർത്തിച്ചാവശ്യപ്പെടുന്നതെന്ന് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി വ്യക്തമാക്കി.