തിരുവനന്തപുരം: സ്വർണക്കടത്തു കേസിൽ നിർണായകമായ സി.സി.ടി.വി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ഡി.ജി.പി ലോക് നാഥ് ബെഹ്റക്ക് കസ്റ്റംസ് കത്ത് നൽകി. വിമാനത്താവളത്തിലെ എയർ കാർഗോ കോംപ്ലക്സിനു സമീപത്തെ ജനുവരി മുതലുള്ള സി.സി. ടി.വി ദൃശ്യങ്ങളാണ് കസ്റ്റംസ് ആവശ്യപ്പെട്ടത്. ദൃശ്യങ്ങൾ കസ്റ്റംസിന് നൽകാൻ ഡി.ജി.പി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദേശം നൽകി.
സ്വർണക്കടത്തു കേസിൽ കസ്റ്റംസ് ദൃശ്യങ്ങൾ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഡി.ജി.പി ലോക് നാഥ് ബെഹ്റ പത്രക്കുറിപ്പിറക്കിയതിനു പിന്നാലെയാന്ന് കസ്റ്റംസ് കത്ത് ഔദ്യോഗികമായി കൈമാറിയത്. കേസിൽ പിടിയിലായ സരിത് വിമാനത്താവളത്തിലെ ഡിപ്ലോമാറ്റിക് കാർഗോയിൽ വന്ന ദിവസങ്ങൾ ചൂണ്ടിക്കാട്ടിയാണ് ദൃശ്യങ്ങൾ ആവശ്യപ്പെട്ടിട്ടുള്ളത്.
എയർ കാർഗോ കോംപ്ലക്സിലേയ്ക്ക് സരിത് ഹ്യുൻഡായ് ക്രെറ്റ കാറിലാണ് എത്തിയത്. ഈ ദൃശ്യങ്ങൾ കസ്റ്റംസിന് ലഭിച്ചാൽ കേസിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ. കസ്റ്റംസ് ദൃശ്യങ്ങൾ ആവശ്യപ്പെട്ടിട്ടും പൊലീസ് മനപൂർവ്വം വൈകിപ്പിക്കുകയാണെന്ന് ആരോപണമുയർന്നിരുന്നു.