തിരുവനന്തപുരം: തിരുവനന്തപുരം സ്വർണക്കടത്തിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം എൻഫോഴ്സ്മെന്‍റ് അറസ്റ്റ് ചെയ്ത പ്രധാന പ്രതികളുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി. ഒന്നാം പ്രതി സരിത്ത്, നാലാം പ്രതി സന്ദീപ് നായർ എന്നിവരുടെ റിമാന്‍ഡ് കാലാവധി പതിനാല് ദിവസത്തേക്കാണ് നീട്ടിയത്. പ്രതികളെ ഓൺലൈൻ വഴിയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കി. അതേസമയം രണ്ടാം പ്രതി സ്വപ്ന സുരേഷ് ഉൾപ്പടെയുള്ള പ്രതികളെ ഇഡി ജയിലിൽ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. മൂന്ന് പ്രതികളെയും മൂന്ന് ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ ഇ ഡിക്ക് കോടതി അനുമതി നൽകിയിരുന്നു.
അഞ്ചാം പ്രതി ശിവശങ്കറിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മറ്റ് പ്രതികളെ ചോദ്യം ചെയ്യണമെന്നായിരുന്നു ഇഡി കോടതിയെ അറിയിച്ചത്. എൻഫോഴ്സ്മെന്‍റ് കസ്റ്റഡിയിലുള്ള മുൻ ഐ ടി സെക്രട്ടറി എം ശിവശങ്കറിന്‍റെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. കള്ളംപ്പണം വെളുപ്പിക്കൽ കേസിൽ അഞ്ചാം പ്രതിയായ ശിവശങ്കറിനെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നാളെ രാവിലെ പതിനൊന്ന് മണിയോടെ ഹാജരാക്കും. ശിവശങ്കറിനെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരങ്ങൾ ഉൾപ്പെടുത്തിയുള്ള റിപ്പോർട്ടും ഇഡി കോടതിയിൽ സമർപ്പിക്കും. ശിവശങ്കറിന്‍റെ ജാമ്യാപേക്ഷയും നാളെ കോടതി പരിഗണിക്കുന്നുണ്ട്.