തിരുവനന്തപുരം : മൃഗശാലയിൽ ജനിച്ച രണ്ടാമത്തെ സിംഹക്കുട്ടിയും ഒരു കരടി കുഞ്ഞും ചത്തും. ബുധനാഴ്‌ച (ഒക്‌ടോബര്‍ 25) വൈകിട്ടാണ് സംഭവം. ന്യൂമോണിയ ബാധയാണ് സിംഹക്കുട്ടിയുടെ മരണകാരണമെന്നാണ് പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അതേസമയം കരടിക്കുട്ടിയുടെ മരണകാരണം എന്താണെന്നത് അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല (Cub And Baby Bear Died).
ഒന്നിന് പിറകെ ഒന്ന് : ഇക്കഴിഞ്ഞ തിങ്കളാഴ്‌ചയാണ് (ഒക്‌ടോബര്‍ 19) മൃഗശാലയിലെ നൈലയെന്ന് സിംഹം രണ്ട് കുട്ടികള്‍ ജന്മം നല്‍കിയത്. ഇതില്‍ പെണ്‍ സിംഹക്കുട്ടി ജനിച്ച് മണിക്കൂറുകള്‍ പിന്നിട്ടപ്പോഴേക്കും ചത്തു. ഇതിന് പിന്നാലെ ആണ്‍ സിംഹക്കുട്ടിയുടെ വിയോഗം. പ്രസവ ശേഷം സിംഹം കുഞ്ഞുങ്ങള്‍ക്ക് പാല്‍ നല്‍കിയിരുന്നില്ല. ഇതേ തുടര്‍ന്ന് കുഞ്ഞുങ്ങളെ മൃഗശാല ആശുപത്രിയില്‍ പരിചരിച്ച് വരികയായിരുന്നു (Thiruvananthapuram Zoo).
മൃഗശാലയില്‍ പുതുതായി ചുമതലയേറ്റ വെറ്ററിനറി സര്‍ജന്‍ ഡോ. നികേഷ് കിരണിന്‍റെ പ്രത്യേക നേത്യത്വത്തിലാണ് സിംഹക്കുട്ടികളെ പരിചരിച്ചിരുന്നത്. ആട്ടിന്‍ പാലാണ് അധികൃതര്‍ സിംഹക്കുട്ടികള്‍ക്ക് നല്‍കിയിരുന്നത്. സിംഹക്കുട്ടികള്‍ക്ക് പ്രതിരോധ ശേഷി കുറവുണ്ടായിരുന്നു. വൈറല്‍ ഇന്‍ഫെക്ഷന്‍ ബാധിച്ച കുഞ്ഞുങ്ങളുടെ ശ്വാസ കേശം പൂര്‍ണമായും വികസിച്ചിരുന്നില്ല.
മൂന്ന് മാസം മുമ്പാണ് നൈല ഗര്‍ഭിണിയാണെന്ന കാര്യം തിരിച്ചറിയുന്നത്. ഇതിന് പിന്നാലെ നൈലയെ പ്രത്യേകം നിരീക്ഷണത്തിലാക്കിയിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി ആണ്‍ സിംഹമായ ലിയോയ്‌ക്കൊപ്പമായിരുന്നു നൈല. ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞതോടെ പ്രത്യേക സ്ഥലത്തേക്ക് മാറ്റി പരിചരണം നല്‍കിയിരുന്നു. നൈലയുടെ കൂട്ടില്‍ നിരീക്ഷണ ക്യാമറ അടക്കം സ്ഥാപിച്ചാണ് നിരീക്ഷണം നടത്തിയിരുന്നത്. സാധാരണ ദിവസങ്ങളില്‍ നൈലയ്ക്ക് ആറ് കിലോ ഇറച്ചിയാണ് നല്‍കിയിരുന്നത്. എന്നാല്‍ ഗര്‍ഭകാലത്ത് ഇതിന്‍റെ അളവ് വര്‍ധിപ്പിച്ചിരുന്നു (Baby Bear Died In Thiruvananthapuram).
ജൂണ്‍ 5നാണ് തിരുപ്പതി ശ്രീവെങ്കിടേശ്വര മൃഗശാലയിൽ നിന്നും ഹൈബ്രിഡ് ഇനത്തിൽപ്പെട്ട രണ്ട് സിംഹങ്ങളെ തലസ്ഥാനത്ത് എത്തിച്ചത്. ഇവയ്‌ക്ക് ലിയോ, നൈല എന്നാണ് പേരിട്ടത്. മന്ത്രി ജെ ചിഞ്ചുറാണിയാണ് സിംഹങ്ങള്‍ക്ക് പേരിട്ടത്.
കരടിക്കുഞ്ഞനും പോയി : ആറ് ദിവസങ്ങള്‍ക്ക് മുമ്പാണ് ഹിമാലയന്‍ കരടി കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവ ശേഷം ആരോഗ്യ പ്രശ്‌നങ്ങളാെന്നും ഇല്ലാതിരുന്ന കുഞ്ഞ് അമ്മയുടെ പരിചരണത്തിലായിരുന്നു. അതിനിടെയാണ് മരണം. കരടിക്കുട്ടിയുടെ മരണത്തെ കുറിച്ചുള്ള വിവരങ്ങളൊന്നും മൃഗശാല അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല (Cub died in zoo).