തിരുവനന്തപുരം : വര്‍ക്കലയിൽ കഞ്ചാവ് ബീഡി വലിക്കാൻ വിസമ്മതിച്ച പതിനഞ്ചുകാരനെ ലഹരി മാഫിയ ആക്രമിച്ച സംഭവത്തിൽ പ്രതികൾക്കായി ഇരുട്ടിൽ തപ്പി പൊലീസ്. സംഭവം നടന്ന് ഒരാഴ്‌ച പിന്നിട്ടിട്ടും നാല് പ്രതികളെയും ഇതുവരെയും പിടികൂടാനായിട്ടില്ല. ഡിസംബർ 2 നായിരുന്നു കേസിനാസ്‌പദമായ സംഭവം.
15 കാരൻ വര്‍ക്കല ഇടവപ്പുറത്ത് കുളത്തിൽ കുളിക്കാൻ പോയപ്പോഴാണ് സെയ്‌ദ്, വിഷ്‌ണു, ഹുസൈന്‍, അല്‍അമീന്‍ എന്നിവര്‍ ചേര്‍ന്ന് കഞ്ചാവ് ബീഡി വലിക്കാൻ നിർബന്ധിച്ചത്. എന്നാൽ നിർബന്ധത്തിന് വഴങ്ങാത്ത കുട്ടി സംഭവം വീട്ടിൽ അറിയിച്ചു. ഇതിലുണ്ടായ വൈരാഗ്യത്തെ തുടർന്ന് പ്രതികൾ കുട്ടിയുടെ വീട്ടിലെത്തി ക്രൂരമായി മർദിക്കുകയായിരുന്നു.
ചെവിയില്‍ നിന്നും മൂക്കില്‍ നിന്നും രക്തം വന്ന് അവശനിലയിലായ കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയെന്നാണ് അയിരൂർ പൊലീസ് നൽകുന്ന വിശദീകരണം. എന്നാല്‍ കുട്ടി പറഞ്ഞ കാര്യങ്ങളല്ല പൊലീസ് എഫ്ഐആറിൽ രേഖപ്പെടുത്തിയതെന്ന് അച്ഛൻ ആരോപിച്ചു.
മകനെ വീട്ടില്‍ കയറിയാണ് നാലംഗ സംഘം മര്‍ദിച്ചത്. എന്നാല്‍ വീട്ടുമുറ്റത്ത് വച്ച് മര്‍ദിച്ചെന്നാണ് എഫ്ഐആര്‍. ഇത്തരത്തില്‍ കുട്ടി കൊടുത്ത മൊഴി പ്രകാരമല്ല പൊലീസ് എഫ്ഐആര്‍ ഇട്ടതെന്നും കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ പൊലീസിനെതിരെയും വ്യാപക വിമർശനമാണ് ഉയരുന്നത്.