തിരുവനന്തപുരം: കാരക്കോണം മെഡിക്കൽ കോളജ് തലവരിപ്പണ കേസുമായി ബന്ധപ്പെട്ട എട്ട് കേസുകളിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. നെയ്യാറ്റിൻകര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഓൺലൈനായി കുറ്റപത്രം സമർപ്പിച്ചത്.
മെഡിക്കൽ കോളജ് ഡയറക്‌ടർ ബോർഡ് അംഗം ഡോ. ബെന്നറ്റ് ഏബ്രഹാമുൾപ്പെടെ എട്ട് പ്രതികളാണ് കേസിലുള്ളത്. എന്നാൽ, സഭാധ്യക്ഷനും ബോർഡ് അംഗവുമായ ബിഷപ്പ് ധർമരാജ് റസാലത്തിനെതിരെ തെളിവുകൾ പര്യാപ്‌തമല്ല എന്ന് ചൂണ്ടിക്കാട്ടി അന്വേഷണ സംഘം ഇദ്ദേഹത്തെ കേസിൽ നിന്നും ഒഴുവാക്കിയിട്ടുണ്ട്.
Also Read: കേരളത്തിൽ നിന്ന് ഒരു വ്യവസായ സ്ഥാപനവും പൂട്ടി പോകാൻ പാടില്ല:വി.ഡി. സതീശൻ
കേരളത്തിലെയടക്കം 26 വിദ്യാർഥികളിൽ നിന്നും ലക്ഷങ്ങൾ കോഴ വാങ്ങി എന്നാണ് പൊലീസ് കേസ്. 2016-18 കാലഘട്ടത്തിലായിരുന്നു സംഭവം. മെഡിക്കൽ സീറ്റ് വാഗ്‌ദാനം ചെയ്‌ത നാൾ മുതൽ തലവരിപ്പണം വാങ്ങാറുണ്ടെന്നാണ് ഡയറക്‌ടർ ബോർഡ് പരീക്ഷ മേൽനോട്ട സമിതിക്ക് മുൻപിൽ സമ്മതിച്ചിരുന്നത്.
അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പ് ഒഴിവാക്കി കൊണ്ടാണ് ക്രൈംബ്രാഞ്ച് നിലവിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ ശിക്ഷ നിയമത്തിലെ വകുപ്പുകൾ മാത്രമാണ് പ്രതികളെതിരെ ഇപ്പോൾ ഉള്ളത്. ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.