തിരുവനന്തപുരം: നഗരസഭയിലെ നിയമന ശുപാർശ കത്ത് കേസിൽ ക്രൈംബ്രാഞ്ച് ഇന്ന് മേയർ ആര്യ രാജേന്ദ്രന്‍റെ മൊഴിയെടുക്കും. പ്രാഥമിക അന്വേഷണം നടത്തിയപ്പോള്‍ ആര്യ രാജേന്ദ്രന്‍റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. ശുപാർശ കത്ത് വ്യാജമെന്ന മേയറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്ത് അന്വേഷിക്കണമെന്ന് ക്രൈം ബ്രാഞ്ച് ശുപാർശ ചെയ്‌തത്.
ഇതേ തുടർന്ന് കേസ് അന്വേഷണത്തിന്‍റെ ഭാഗമായാണ് മേയറുടെ മൊഴി രേഖപ്പെടുത്തുന്നത്. നഗരസഭയിലെ ഓഫിസ് ജീവനക്കാരെയും ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. പൊതുമരാമത്ത് വകുപ്പ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡിആർ അനിലിന്‍റെയും സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്‍റെയും മൊഴികളും ഉടൻ തന്നെ രേഖപ്പെടുത്തും. കത്ത് തയ്യാറാക്കിയ കമ്പ്യൂട്ടറും വാട്‌സ്ആപ്പിലൂടെ പ്രചരിപ്പിച്ചക്കാൻ ഉപയോഗിച്ച ഫോണുകളും കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കും. ഇവ കോടതിയുടെ അനുമതിയോടെ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാനാണ് ക്രൈംബ്രാഞ്ച് ആലോചിക്കുന്നത്.
പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം: അതേസമയം നിയമന കത്ത് വിവാദത്തിൽ മേയറുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നും പ്രതിഷേധം ശക്തമാക്കും. 11 മണിക്ക് മഹിള മോർച്ചയുടെ നേതൃത്വത്തിൽ നഗരസഭയിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. നഗരസഭ കവാടത്തിന് മുന്നിൽ മേയറുടെ രാജി ആവശ്യപ്പെട്ട് സമരം നടത്തുന്ന യുഡിഎഫിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ശശി തരൂർ എംപി ഇന്ന് സമരത്തിൽ പങ്കെടുക്കും.