തിരുവനന്തപുരം : ബലാത്സംഗക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളിലിനെ നാളെ(ഒക്‌ടോബർ 26) ക്രൈം ബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. നാളെ തിരുവനന്തപുരം ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകണമെന്ന് കാട്ടി എം.എല്‍.എയ്‌ക്ക് നോട്ടിസ് നല്‍കിയിട്ടുണ്ട്. ശനിയാഴ്‌ച രാവിലെ ഒൻപത് മണിയ്‌ക്ക് തൊട്ടുമുന്‍പായി ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരായ എല്‍ദോസിനെ അറസ്റ്റുചെയ്‌ത ശേഷം ജാമ്യം നല്‍കി ചോദ്യം ചെയ്തിരുന്നു.
ആദ്യ ദിവസം ക്രൈംബ്രാഞ്ച് ഉന്നയിച്ച പല ചോദ്യങ്ങള്‍ക്കും എം.എല്‍.എ കൃത്യമായ മറുപടി നല്‍കിയില്ലെന്ന സൂചനയാണ് അന്വേഷണ സംഘത്തില്‍ നിന്നുണ്ടായത്. ശേഷം തിങ്കളാഴ്‌ച എം.എല്‍.എയെ എട്ട് മണിക്കൂര്‍ ചോദ്യം ചെയ്‌തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് എം.എല്‍.എ ഹാജരാക്കിയ ഫോണ്‍ അന്വേഷണ സംഘം സ്വീകരിച്ചില്ല.
പരാതിക്ക് ആധാരമായ സംഭവം നടന്ന സമയത്ത് ഉപയോഗിച്ച ഫോണ്‍ ആണെന്ന് സ്ഥിരീകരിച്ച ശേഷം മാത്രമേ അത് സ്വീകരിക്കൂവെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. തിങ്കളാഴ്‌ചയും ചോദ്യം ചെയ്യലിനോട് എം.എല്‍.എ പൂര്‍ണമായി സഹകരിച്ചില്ലെന്നാണ് ക്രൈം ബ്രാഞ്ച് സംഘം നല്‍കുന്ന സൂചന.