തിരുവനന്തപുരം: മൊബൈൽ ആപ്പ് വഴി വായ്‌പ നൽകി തട്ടിപ്പ് നടത്തുന്ന സംഘങ്ങളുടെ പ്രവർത്തനം ക്രൈംബ്രാഞ്ച് അന്വേഷിക്കും. സിബിഐയുടെയും ഇന്‍റര്‍പോളിന്‍റെയും സഹകരണം തേടുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ അറിയിച്ചു. അന്വേഷണത്തിൽ ഹൈടെക്ക് ക്രൈം എൻക്വയറി സെൽ സഹായിക്കുമെന്നും ഡിജിപി വ്യക്തമാക്കി.
തട്ടിപ്പിന് പിന്നിൽ വിദേശികളും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ഇന്‍റര്‍പോളിന്‍റെയും സിബിഐയുടെയും സഹായം തേടുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട് തെലങ്കാന, ആന്ധ്രാ പൊലീസുകളുടെയും സഹായം തേടും. മൊബൈൽ ആപ്പ് ഉപയോഗിച്ച് വായ്‌പയെടുത്ത ചിലർ അമിതപലിശ മൂലം പണം തിരിച്ചടയ്ക്കാനാവാതെ ആത്മഹത്യ ചെയ്‌ത സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം. മൊബൈൽ ആപ്പ് ഉപയോഗിച്ച് വായ്‌പയെടുക്കുന്നത് പൊതുജനങ്ങൾ ഒഴിവാക്കണമെന്നും ഡിജിപി പറഞ്ഞു.