തിരുവനന്തപുരം : നഗരസഭയിലെ പട്ടികജാതി ക്ഷേമ പദ്ധതിയിൽ നിന്ന് പണം തട്ടിയ സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. പട്ടികജാതി വകുപ്പ് ചുമതലപ്പെടുത്തിയ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിൽ തട്ടിപ്പിൻ്റെ വ്യാപ്‌തി ബോധ്യപ്പെട്ട പഞ്ചാത്തലത്തിലാണ് നടപടി. നിലവിൽ മ്യൂസിയം പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
ആകെ 1.4 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് പട്ടികജാതി വകുപ്പ് ഡയറക്‌ടറേറ്റ് നടത്തിയ ഓഡിറ്റിൽ കണ്ടെത്തിയത്. ഇതുസംബന്ധിച്ച റിപ്പോർട്ട് സർക്കാരിന് കൈമാറും.
ALSO READ:പുതുവത്സരാഘോഷത്തിലെ മയക്കുമരുന്നുപയോഗം : കുറ്റപത്രം സമര്‍പ്പിച്ച് തളിപ്പറമ്പ് എക്സൈസ്
75 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായാണ് മ്യൂസിയം പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നത്. പ്രധാന പ്രതിയായ ക്ലർക്ക് രാഹുലിൻ്റെയും സുഹൃത്തുക്കളുടെയും 24 അക്കൗണ്ടുകളിലേക്ക് തുക വകമാറ്റിയതായും ഓഡിറ്റിൽ കണ്ടെത്തിയിട്ടുണ്ട്.
180 അപേക്ഷകരുടെ പണം തട്ടിയെടുത്തെന്നാണ് ഇതുവരെയുള്ള വിവരം. വിശദമായ അന്വേഷണത്തിലേ തട്ടിപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയാനാവൂവെന്നാണ് പട്ടികജാതി വകുപ്പിൻ്റെ വിലയിരുത്തൽ.