തിരുവനന്തപുരം: ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ടി ട്വന്‍റി മത്സരം ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രകാരം നടത്താനൊരുങ്ങി ജില്ലാഭരണകൂടവും നഗരസഭയും. ഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്യാന്‍ പുനരുപയോഗിക്കാവുന്ന പാത്രങ്ങളോ പ്രകൃതി സൗഹൃദ വസ്തുക്കളോ മാത്രം ഉപയോഗിക്കാന്‍ ലൈസന്‍സികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കും. പ്ലാസ്റ്റിക് പാക്കറ്റുകളിലുള്ള ഐസ്‌ക്രീം വിതരണം ഒഴിവാക്കാന്‍ മില്‍മയോട് നിര്‍ദേശിച്ചു. ബിസ്‌ക്കറ്റ് കോണില്‍ ഐസ്‌ക്രീം വിതരണം ചെയ്യും.
പരമാവധി കുപ്പിവെള്ളം ഒഴിവാക്കാനും ഫ്‌ളക്‌സുകള്‍ കൊണ്ടു വരുന്നത് ഒഴിവാക്കാനും അധികൃതര്‍ ആരാധകരോട് അഭ്യര്‍ഥിച്ചു. സാധാരണഗതിയില്‍ മത്സരം കഴിയുമ്പോള്‍ വലിയ മാലിന്യ നിക്ഷേപമാണ് സ്‌റ്റേഡിയത്തില്‍ ഉണ്ടാകുക. ഇത് പരമാവധി കുറയ്ക്കാനാണ് ഗ്രീന്‍പ്രോട്ടോക്കോള്‍ കൊണ്ട് അധികൃതര്‍ ഉദ്ദേശിക്കുന്നത്. മത്സരശേഷം സ്റ്റേഡിയം ശുചീകരിക്കാനുമുള്ള ചുമതല നഗരസഭയ്ക്കാണ്. ഇതിനുള്ള ചെലവ് കേരള ക്രിക്കറ്റ് അസോസിസേയഷന്‍ വഹിക്കും.