തിരുവനന്തപുരം: വട്ടിയൂര്‍കാവ് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഡോ. കെ.മോഹന്‍കുമാര്‍ ജാതിപറഞ്ഞ് വോട്ടു തേടിയെന്ന പരാതിയില്‍ നിന്ന് സിപിഎം പിന്മാറുന്നു. അന്വേഷണവുമായി പരാതിക്കാര്‍ സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണക്ക് റിപ്പോര്‍ട്ട് നല്‍കി.
വട്ടിയൂര്‍കാവില്‍ മോഹന്‍കുമാര്‍ എന്‍എസ്എസിന്‍റെ പേരില്‍ വോട്ടു തേടുന്നതായി ആരോപിച്ച് വട്ടിയൂര്‍കാവിലെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ കെ.സി വിക്രമനും സമസ്തകേരള നായര്‍ സമാജം ഭാരവാഹികളുമാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ഉപതെരഞ്ഞെടുപ്പ് കാലത്ത് പരാതി നല്‍കിയത്. പരാതി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പൊലീസ് മേധാവിയോട് ആവശ്യപ്പെടുകയായിരുന്നു. നിരവധി തവണ ആവശ്യപ്പെട്ടിട്ടും പരാതിക്കാര്‍ സഹകരിക്കുന്നില്ലെന്നും ജാതി പറഞ്ഞ് വോട്ടു തേടിയതിന് തെളിവില്ലെന്നും ലോക്‌നാഥ് ബഹ്‌റ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ കലക്ടറുടെ കൂടി റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. പരാതിക്കാര്‍ സഹകരിക്കാത്ത സാഹചര്യത്തില്‍ പരാതി അവസാനിപ്പിക്കാനൊരുങ്ങുകയാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍.