തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ട പ്രശ്‌നങ്ങളിൽ ഇടപെടാനൊരുങ്ങി സംസ്ഥാന നേതൃത്വം. ലഹരി ഉപയോഗം, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങി ഗുരുതരമായ ആരോപണങ്ങളാണ് ജില്ലയിലെ നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ ഉയരുന്നത്. യുവജന, വിദ്യാർഥി സംഘടനകളിലെ നേതാക്കൾക്കിടയിൽ ലഹരി ഉപയോഗം വർധിച്ചിട്ടുണ്ടെന്നാണ് ഉയരുന്ന വിമർശനങ്ങൾ.
ആരോപണങ്ങളെ സംസ്ഥാന നേതൃത്വം ഗൗരവമായാണ് കാണുന്നത്. സംഘടന പ്രവർത്തനത്തിനിടയിൽ ഇതുവരെ കേൾക്കാത്ത കാര്യങ്ങളാണ് തിരുവനന്തപുരത്ത് നിന്ന് കേൾക്കുന്നതെന്നാണ് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നേതൃയോഗങ്ങളിൽ വ്യക്തമാക്കിയത്. തിരുത്തലുകൾ ഇല്ലാതെ മുന്നോട്ട് പോകാനാകില്ലെന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാട്.
ഇതിന്‍റെ ഭാഗമായി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍റെ സാന്നിധ്യത്തിൽ ജനുവരി 6, 7 തീയതികളില്‍ ജില്ല കമ്മറ്റി യോഗം ചേരും. കാര്യമായ ഇടപെടലാണ് സംസ്ഥാന നേതൃത്വം ഉദ്ദേശിക്കുന്നത്. എസ്എഫ്ഐ ജില്ല പ്രസിഡന്‍റ് ജോബിൻ ജോസ്, സെക്രട്ടറി ഗോകുൽ ഗോപിനാഥ് എന്നിവര്‍ മദ്യലഹരിയിലാണെന്ന് സൂചിപ്പിക്കുന്ന വീഡിയോ പുറത്തു വന്നത് ഗൗരവമായി സിപിഎം കാണുകയാണ്. ജില്ല കമ്മിറ്റി തന്നെ പിരിച്ചുവിടാനാണ് സംസ്ഥാന നേതൃത്വത്തിന്‍റെ നീക്കം. ഇതനുസരിച്ചുള്ള തീരുമാനങ്ങൾ ജില്ല കമ്മറ്റി യോഗത്തിലുണ്ടാകും.
ഡിവൈഎഫ്ഐയിലും നടപടികൾക്ക് സാധ്യതയുണ്ട്. ലഹരി വിരുദ്ധ കാമ്പയിന് ശേഷം ബാറിൽ കയറി മദ്യപിച്ചതിന് ജില്ല കമ്മറ്റിയംഗത്തെയും ഏരിയ പ്രസിഡന്‍റിനെയും കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. കൂടുതൽ പേർ ലഹരി ഉപയോഗിക്കുന്നുണ്ടെന്നാണ് സിപിഎമ്മിന് ലഭിച്ച വിവരം.
ഇതു കൂടാതെ മേഖല പ്രസിഡന്‍റ് ഉൾപ്പെട്ട പോക്സോ കേസും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഇതെല്ലാം ജില്ല നേതൃത്വത്തിന് പ്രവർത്തകർക്കു മേലുള്ള നിയന്ത്രണ കുറവായാണ് സംസ്ഥാന നേതൃത്വം കണക്കാക്കുന്നത്. ഇക്കാര്യങ്ങളിൽ വിശദമായ ചർച്ച നടത്താനാണ് തീരുമാനം.
കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന സമിതി, പ്രവർത്തകർക്കായി ഒരു തെറ്റ് തിരുത്തൽ രേഖ തയാറാക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ബ്രാഞ്ച് മുതൽ ജില്ലാതലം വരെ പ്രവർത്തകരെയും നേതാക്കളെയും സൂക്ഷ്‌മമായി നിരീക്ഷിക്കാനാണ് സിപിഎമ്മിന്‍റെ തീരുമാനം. സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആനാവൂർ നാഗപ്പന് പകരം പുതിയ ജില്ല സെക്രട്ടറിയെ ഉടൻ തന്നെ കണ്ടെത്തും.
ദത്ത് വിവാദം, കത്ത് വിവാദം തുടങ്ങിയ രാഷ്‌ട്രീയ വിവാദങ്ങൾക്ക് പിന്നാലെയാണ് ജില്ലയിലെ സിപിഎമ്മിനെ പിടിച്ചുലയ്ക്കുന്ന തരത്തിൽ ഇപ്പോൾ ആരോപണങ്ങൾ ഉയരുന്നത്.