തിരുവനന്തപുരം: പാര്‍ട്ടിയും സര്‍ക്കാരും പ്രതിസന്ധിയിലായിരിക്കെ വെള്ളിയാഴ്ച സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും ശനിയാഴ്ച സംസ്ഥാന സമിതിയും യോഗം ചേരും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തിലാണ് യോഗം ചേരുന്നത്.
സർക്കാറിനും പാർട്ടിയിലും കേന്ദ്ര അന്വേഷണ ഏജൻസികൾ മൂലമുണ്ടാകുന്ന പ്രതിസന്ധി തന്നെയാണ് യോഗത്തിന്‍റെ പ്രധാന അജണ്ട. ശിവശങ്കരന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫിസിലെ ഒരാൾക്കുകൂടി സ്വർണക്കടത്ത് കേസിൽ ഇഡി മൊഴി രേഖപ്പെടുത്താൻ ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു. അസിസ്റ്റൻറ് പ്രൈവറ്റ് സെക്രട്ടറി രവീന്ദ്രനാണ് ഇഡി നോട്ടീസ് നൽകിയിരിക്കുന്നത്. ഇത് സ്വർണക്കടത്തു കേസിൽ സർക്കാരിനെ വീണ്ടും പ്രതിസന്ധിയിൽ ആക്കുകയാണ്. മുഖ്യമന്ത്രിയെ പ്രതിസ്ഥാനത്ത് നിർത്തി ഉള്ള പ്രതിപക്ഷ ആക്രമണങ്ങൾക്ക് കൂടുതൽ ശക്തി പകരുന്നതാണ് ഇപ്പോഴത്തെ സംഭവങ്ങൾ.
ഇക്കാര്യത്തിൽ എന്തു നടപടി സ്വീകരിക്കണം എന്നതാണ് നാളെ സെക്രട്ടേറിയറ്റ് യോഗം ചർച്ച ചെയ്യുക. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനീഷ് കോടിയേരിക്കെതിരായ മയക്കുമരുന്ന് കേസാണ് പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന മറ്റൊന്ന്. കഴിഞ്ഞ എട്ടു ദിവസമായി ഈ കസ്റ്റഡിയിൽ ചോദ്യം ചെയ്യുകയാണ് ബിനീഷ് കോടിയേരിയെ.
ചോദ്യം ചെയ്യലിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബിനീഷ് കോടിയേരിയും സുഹൃത്തുക്കളുടെയും വീടുകളിലും സ്ഥാപനങ്ങളിലും കഴിഞ്ഞ ദിവസം ഇഡി റെയ്ഡ് നടത്തിയിരുന്നു. ബിനീഷ് കോടിയേരിയുടെ വീട്ടിൽ 26 മണിക്കൂറോളമാണ് ഇഡി സംഘം പരിശോധന നടത്തിയത്. പരിശോധനയുടെ ഭാഗമായി ബിനീഷ് കോടിയേരിയുടെ ഭാര്യയേയും മകളേയും ഭാര്യ മാതാവിനെയും ഇത്രയും സമയം തടഞ്ഞുവെക്കുകയും ചെയ്തു.
ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ചൂണ്ടി കാട്ടി പ്രചരണം ശക്തമാക്കാൻ ഇന്ന് ചേർന്ന സിപിഎം അവൈലബിൾ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചിരുന്നു. എന്നാൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ അതിൽ മയക്കുമരുന്ന് കേസിൽ അടക്കം വിവാദമുണ്ടാകുന്നത് സിപിഎമ്മിനുള്ളിൽ അമർഷമുണ്ട്. വോട്ടു തേടി ജനങ്ങൾക്കിടയിലേക്ക് ചെല്ലുമ്പോൾ ഇത്തരം വിഷയങ്ങളിൽ മറുപടി പറയേണ്ടി വരുന്നത് തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തൽ.
അതുകൊണ്ട് തന്നെ ഇവയെ നേരിടുന്നതിനുള്ള ഫലപ്രദമായ ഒരു പോംവഴിയ്ക്കാണ് സിപിഎം ശ്രമിക്കുന്നത്. സംസ്ഥാന സമിതി യോഗം നേരത്തെ നിശ്ചയിച്ചിരുന്നില്ല. വെള്ളിയാഴ്ചത്തെ പതിവ് സെക്രട്ടറിയേറ്റ് യോഗം മാത്രമാണുണ്ടായിരുന്നത്. എന്നാൽ വിവാദങ്ങൾ ശക്തമായതോടെയാണ് അടിയന്തരമായി സംസ്ഥാന സമിതി വിളിച്ചു ചേർക്കുന്നത്. ഓൺലൈനായാണ് സംസ്ഥാനസമിതി ചേരുക. സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്ന് മാറി നിൽക്കാൻ സന്നദ്ധനാണെന്ന് കോടിയേരി ബാലകൃഷ്ണൻ സിപിഎമ്മിലെ മുതിർന്ന നേതാക്കളെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ സെക്രട്ടേറിയറ്റും സംസ്ഥാന സമിതിയും വിശദമായി പരിശോധിച്ച ശേഷം തീരുമാനമെടുക്കും.