തിരുവനന്തപുരം: സിപിഎമ്മിന്‍റെ സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്ന് ആരംഭിക്കും. ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സർക്കാരും തമ്മിൽ രൂക്ഷമായ തർക്കം തുടരുന്നതിനിടെയാണ് സിപിഎം സംസ്ഥാന നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കമാകുന്നത്. ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റും നാളെയും മറ്റന്നാളും സംസ്ഥാന കമ്മിറ്റിയുമാണ് നടക്കുന്നത്.
ഗവർണർക്കെതിരായുള്ള പ്രതിരോധ തന്ത്രങ്ങള്‍ക്ക് ഇന്നുമുതല്‍ ആരംഭിക്കുന്ന നേതൃയോഗങ്ങള്‍ രൂപം നല്‍കാനാണ് സാധ്യത. പൊതുമേഖല സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ തീരുമാനം പാർട്ടിയിലും മുന്നണിയിലും ചർച്ച ചെയ്യാത്തതും നേതൃയോഗങ്ങളിൽ ചർച്ചയാകും. ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനുള്ള ആലോചനകളും സജീവമാണ്.
ഇക്കാര്യം സിപിഎം ഗൗരവമായി പരിഗണിക്കുന്നുണ്ട്. ഗവർണർ സർക്കാരിനെതിരെ സൃഷ്‌ടിക്കുന്ന പ്രതിസന്ധി ഇനിയും അനുവദിക്കേണ്ടതില്ലെന്ന നിലപാടിലാണ് സിപിഐഎം നേതൃത്വം. ഇതിനിടെ മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശപര്യടനം സംബന്ധിച്ച വിവരങ്ങൾ അറിയിച്ചില്ലെന്നും ഇത് ചട്ടലംഘനം ആണെന്നും ആരോപിച്ച് രാഷ്ട്രപതി ദ്രൗപതി മുർമുവിന് ഗവർണർ കത്തയച്ചിട്ടുണ്ട്.
ഇന്ന് സംസ്ഥാനത്ത് മടങ്ങിയെത്തുന്ന ഗവർണർ, സർക്കാരുമായുള്ള വിവിധ വിഷയങ്ങളിലെ തർക്കത്തിൽ സ്വീകരിക്കാനിരിക്കുന്ന നിലപാട് എന്താകുമെന്ന് ഉറ്റുനോക്കപ്പെടുന്നതിന് ഇടയിലാണ് ഈ കത്ത്.