തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതി യോഗം ആരംഭിച്ചു. ഇന്നും നാളെയുമായാണ് യോഗം നടക്കുന്നത്. മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാന സമിതി ചേരുന്നതിനാൽ തന്നെ നിർണ്ണായക കാര്യങ്ങളാണ് പരിഗണയിലുള്ളതും. പൗരത്വ ബില്ലിലെ തുടർ പ്രക്ഷോഭങ്ങൾ, പന്തീരാങ്കാവ് യുഎപിഎ കേസ്, മാവോയിസ്റ്റ് വേട്ട, ഉപതെരഞ്ഞെടുപ്പ് വിലയിരുത്തൽ, അവസാന വർഷത്തെ സർക്കാരിന്‍റെ പ്രവർത്തനങ്ങൾ തുടങ്ങിയ വിഷയങ്ങൾ എകെജി സെന്‍ററിൽ ചേരുന്ന യോഗത്തിൽ ചർച്ച ചെയ്യും.
അംഗങ്ങൾക്കിടയിലെ മാവോയിസ്റ്റ് സ്വാധീനം പാർട്ടി ഗൗരവമായി കാണുന്നുണ്ട്. ഇത് സംബന്ധിച്ച് കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനൻ യോഗത്തിൽ റിപ്പോർട്ട് നൽകും. അവസാന വർഷത്തിലേക്ക് അടുക്കുന്ന പിണറായി വിജയൻ സർക്കാരിന്‍റെ ഇതുവരെയുള്ള പ്രവർത്തനങ്ങളും തുടർ പ്രവർത്തനങ്ങളും യോഗം പരിഗണിക്കും. കൂടുതൽ ജനകീയ പദ്ധതികൾ നടപ്പിലാക്കണമെന്നാണ് പാർട്ടിക്കുള്ളിലെ അഭിപ്രായം. ഇതോടൊപ്പം മന്ത്രിസഭയിൽ ചില പുതുമുഖങ്ങളെ ഉൾപ്പെടുത്തണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.
അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന സമിതിയുടെ ആദ്യ യോഗമാണ് ഇന്ന് ചേരുന്നത്. അതു കൊണ്ട് തന്നെ തെരഞ്ഞെടുപ്പ് വിലയിരുത്തലും യോഗത്തിലുണ്ടാകും. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളിലേക്ക് കടക്കാൻ ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചിരുന്നു. അതിനെക്കുറിച്ച് ഇന്നത്തെ സംസ്ഥാന സമിതി റിപ്പോർട്ട് ചെയ്യും. മുന്നണിയിലെ പ്രധാന കക്ഷിയായ സിപിഐ സർക്കാരിനെയും സിപിഎമ്മിനെയും വിമർശിക്കുന്നത് യോഗത്തിൽ ചർച്ചയാകും. ജനുവരിയിൽ തിരുവനന്തപുരത്ത് നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗങ്ങളുടെ ഒരുക്കങ്ങളും സമിതിയുടെ പരിഗണനയിൽ വരും.