തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതി യോഗത്തിന് ഇന്ന് (30.03.23) തുടക്കമാകും. ഇന്നും നാളെയുമായി എകെജി സെൻററിലാണ് യോഗം ചേരുന്നത്.സംസ്ഥാന സമിതി നാളെ അവസാനിക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എം ഗോവിന്ദന്‍ നയിച്ച ജനകീയ പ്രതിരോധ ജാഥയുടെ അവലോകനത്തിനായാണ് സംസ്ഥാന സമിതി യോഗം ചേരുന്നത്.
പ്രതിസന്ധികൾക്കിടയിൽ നടത്തിയ പ്രതിരോധ ജാഥ വലിയ വിജയമായിരുന്നു എന്ന് ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തിയിരുന്നു. ഇന്ന് ചേരുന്ന സംസ്ഥാന സമിതി യോഗം വിശദമായി ഇക്കാര്യം പരിശോധിക്കും. എറണാകുളം സംസ്ഥാന സമ്മേളനത്തിൽ അംഗീകരിച്ച സംഘടന രേഖയിലെ നിർദേശങ്ങളും ലക്ഷ്യങ്ങളും എത്രത്തോളം നടപ്പായെന്ന അവലോകനവും യോഗത്തിൽ വിലയിരുത്തും.
അണികളുടെ ചോർച്ച തടയുക, പ്രാദേശിക കൂട്ടായ്‌മകളില്‍ പാർട്ടി അംഗങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുക, ജനകീയ പ്രശ്‌നങ്ങളുടെ ഇടപെടൽ രീതി, ന്യൂനപക്ഷങ്ങൾക്കിടയിൽ സ്വാധീനം വർധിപ്പിക്കാനുള്ള പ്രവർത്തനം എന്നിവയാണ് സംസ്ഥാന സമ്മേളനം നിർദേശിച്ചത്. ഇക്കാര്യങ്ങളിൽ പ്രാദേശിക തലത്തിൽ തന്നെ പരിശോധന വേണമെന്ന് ആയിരുന്നു നിർദേശം. ഇക്കാര്യത്തിൽ ഉണ്ടായ പുരോഗതിയാണ് സംസ്ഥാന സമിതി വിശദമായി പരിശോധിക്കുന്നത്.
രാഹുലും സുരേന്ദ്രനും ചർച്ചയാകും: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിന് തുടർന്നുള്ള രാഷ്ട്രീയ സമരങ്ങൾ ഏത് തരത്തിൽ മുന്നോട്ട് കൊണ്ട് പോകണമെന്ന് ഇന്നത്തെ സംസ്ഥാന സമിതി ചർച്ച ചെയ്യും. കേന്ദ്രസർക്കാരിന്‍റെ നടപടിയിൽ ശക്തമായ ജനകീയ പ്രതിഷേധം ഉയർത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. പ്രതിഷേധം ഏത് രീതിയിൽ തുടരണം എന്നതാണ് സംസ്ഥാന സമിതി പരിശോധിക്കുന്നത്.
സിപിഎം വനിത നേതാക്കൾക്ക് എതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെസുരേന്ദ്രൻ നടത്തിയ പരാമർശത്തിലെ തുടർ നടപടികളും സംസ്ഥാന സമിതി ചർച്ച ചെയ്യും. ബ്രഹ്മപുരം മാലിന്യ പ്ലാൻഡിലെ കരാർ സംബന്ധിച്ച വിവാദങ്ങളും സംസ്ഥാന സമിതി പരിശോധിച്ചേക്കും. പോളിറ്റ് ബ്യൂറോ യോഗത്തിലെ തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്യൽ അഞ്ചാം അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്‍റെ ഒരുക്കങ്ങൾ വിലയിരുത്തൽ എന്നിവയും സംസ്ഥാന സമിതിയുടെ അജണ്ടകളാണ്.
പ്രതിരോധ ജാഥ ജനകീയമായെന്ന് വിലയിരുത്തല്‍: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നയിച്ച ജനകീയ പ്രതിരോധ ജാഥ വന്‍ വിജയമായിരുന്നുവെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി. കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ട്ടി സെക്രട്ടേറിയറ്റില്‍ ഇതേ അഭിപ്രായമാണ് നേതാക്കളുടെ ഭാഗത്ത് നിന്നുമുണ്ടായത്. ഫെബ്രുവരി 20 ന് കാസര്‍കോട് കുമ്പളയില്‍ നിന്നാരംഭിച്ച ജാഥ മാര്‍ച്ച് 18ന് തിരുവനന്തപുരത്ത് വച്ചാണ് അവസാനിച്ചത്.
കേന്ദ്രസര്‍ക്കാരിനെതിരായ രാഷ്ട്രീയ പ്രചാരണം, സംസ്ഥാന സര്‍ക്കാരിനെതിരായ പ്രതിപക്ഷ ആരോപണങ്ങളെ ചെറുക്കല്‍, പാര്‍ട്ടിയേയും സര്‍ക്കാരിനേയും ബാധിച്ച വിവാദങ്ങളില്‍ വിശദീകരണം നല്‍കല്‍ എന്നിവയായിരുന്നു ജാഥയിലൂടെ സിപിഎം ലക്ഷ്യമിട്ടത്. എംവി ഗോവിന്ദനോടൊപ്പം പികെ ബിജു, സിഎസ് സുജാത, എം സ്വരാജ്, കെടി ജലീല്‍, ജെയ്‌ക്ക് സി തോമസ് എന്നിവരും സ്ഥിരാംഗങ്ങളായി ജാഥയില്‍ പങ്കെടുത്തു. ഒരുമാസം നീണ്ട് നിന്ന ജാഥയ്‌ക്ക് അപ്രതീക്ഷിത വിവാദങ്ങളെയും അഭിമുഖീകരിക്കേണ്ടി വന്നിരുന്നു.