തിരുവനന്തപുരം: അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ജി.സുധാകരന് വീഴ്‌ച വന്നതായി സിപിഎം അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ജി. സുധാകരന്‍റെ ഭാഗത്ത് ഗുരുതര വീഴ്‌ച വന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് എച്ച്.സലാം നല്‍കിയ പരാതി അന്വേഷിച്ച രണ്ടംഗ കമ്മിഷനാണ് വീഴ്‌ച സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
എളമരം കരീം, കെ.ജെ.തോമസ് എന്നിവരടങ്ങിയ സമിതിയാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഈ റിപ്പോര്‍ട്ട് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പരിശോധിച്ചിരുന്നു. ഇതിനു ശേഷമാണ് സംസ്ഥാന സമിതിയില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.
ALSO READ: കെ.എസ്.ആര്‍.ടി.സി പണിമുടക്ക്: 'പ്രതിസന്ധി പരിഹരിക്കണം'; പ്രതികരിച്ച് യാത്രക്കാര്‍
പ്രവര്‍ത്തന റിപ്പോര്‍ട്ടിനൊപ്പമാണ് ഈ റിപ്പോര്‍ട്ടും സമിതി യോഗത്തില്‍ അവതരിപ്പിച്ചത്. ഈ റിപ്പോര്‍ട്ടിന്‍ മേലുള്ള ചര്‍ച്ച ആരംഭിച്ചു കഴിഞ്ഞു. ഈ ചര്‍ച്ചകളിലാണ് ജി.സുധാകരനെതിരെ നടപടി വേണമോയെന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുക.
ജി.സുധാകരനെതിരെ നടപടിയുണ്ടാകാനുള്ള സാധ്യതയാണുള്ളത്. ഇന്ന് വൈകുന്നേരം തന്നെ സിപിഎമ്മിന്‍റെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും ചേരുന്നുണ്ട്. ഈ യോഗത്തിനു ശേഷമാകും നടപടി സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുക. ഇന്നാരംഭിച്ച സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ചര്‍ച്ച തുടങ്ങി.
ALSO READ: 'ചുമരുണ്ടെങ്കിലേ ചിത്രം വരയ്ക്കാൻ കഴിയൂ'; സമരത്തെ തള്ളി ഗതാഗതമന്ത്രി
രാവിലെ ആരംഭിച്ച യോഗത്തില്‍ ആദ്യം കേന്ദ്രകമ്മറ്റി യോഗത്തിന്‍റെ റിപ്പോര്‍ട്ടിങ്ങാണ് നടന്നത്. തുടര്‍ന്ന് സംഘടനാ പ്രവര്‍ത്തന റിപ്പോര്‍ട്ടിങ്ങ് നടന്നു. കോടിയേരി ബാലകൃഷ്‌ണനാണ് ഇരു റിപ്പോര്‍ട്ടുകളും സമിതിയില്‍ അവതരിപ്പിച്ചത്.
സിപിഎം സംസ്ഥാന ആക്‌ടിങ് സെക്രട്ടറി എ.വിജയരാഘവന്‍ കൊവിഡ് ബാധിതനായതിനാല്‍ ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കുന്നില്ല. അതിനാലാണ് കോടിയേരി റിപ്പോര്‍ട്ടുകള്‍ അവതരിപ്പച്ചത്.