തിരുവനന്തപുരം: സി.പി.എം പാർട്ടി സ്കൂളിന് ഇന്ന് തുടക്കം. തിരുവനന്തപുരം ഇ.എം.എസ് അക്കാദമിയിലാണ് ഇന്നു മുതൽ നവംബർ നാല് വരെയാണ് പാര്‍ട്ടി സ്‌കൂള്‍ സംഘടിപ്പിക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കമ്മിറ്റി രൂപം നൽകിയ തെറ്റ് തിരുത്തൽ രേഖ പ്രകാരമുള്ള നേതൃത്വ ആശയ രൂപീകരണത്തിനാണ് ക്ലാസ് സംഘടിപ്പിക്കുന്നത്.
മാന്യമായി പെരുമാറുക, പിരിവിന്റെ പേരിൽ സംഘർഷങ്ങൾ ഒഴിവാക്കുക, ജനകീയ വിഷയങ്ങളിൽ സജീവമാവുക, വിശ്വാസ സoരക്ഷണ പ്രവർത്തനങ്ങൾ നടത്തുക തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ ജനകീയ അടിത്തറ വിപുലമാക്കാനാണ് ലോകസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ സി.പി.എം തീരുമാനിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ തിരിച്ചടിയിൽ നിന്ന് കരകയറാൻ ഉപതെരഞ്ഞെടുപ്പിൽ സി.പി.എമ്മിന് കഴിഞ്ഞെങ്കിലും അത്തരമൊരു രാഷ്ട്രീയ സാഹചര്യം ആവര്‍ത്തിക്കാതിരിക്കാനും അംഗങ്ങൾക്കിടയിൽ ആശയവ്യക്തത വരുത്താനും വെല്ലുവിളികളെ സംബന്ധിച്ച് അവബോധമുണ്ടാക്കുകയാണ് ലക്ഷ്യം.
വിശ്വാസത്തിന്റെ പേരിൽ പാർട്ടിയെ ലക്ഷ്യം വെച്ചുള്ള പ്രതിപക്ഷ ആക്രമണത്തെ നവോഥാന പാരമ്പര്യവും മതനിരപേക്ഷതയും മുൻനിർത്തി ചെറുക്കാനുള്ള അവബോധം അംഗങ്ങൾക്ക് നൽകുകയെന്നതും സി.പി.എം ലക്ഷ്യമിടുന്നുണ്ട്. കൂടാതെ ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ പാർട്ടി അംഗങ്ങളായ വിശ്വാസികൾക്കിടയിൽ ഉണ്ടായ മുറുമുറുപ്പ് മാറ്റാനുള്ള നടപടിയും സ്വീകരിക്കുന്നതാണ്.
സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും തുടർന്ന് ബ്രാഞ്ച് തലത്തിൽ വരെ പാർട്ടി സ്കൂളുകൾ സംഘടിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് പാർട്ടി സ്‌കൂൾ ഉദ്ഘാടനം ചെയ്യും. പ്രകാശ് കാരാട്ട്, എസ്.രാമചന്ദ്രൻ പിള്ള,എ.വിജയരാഘവൻ, ബൃന്ദാ കാരാട്ട്, എം.എ.ബേബി, തോമസ് ഐസക്, എം.വി.ഗോവിന്ദൻ, എളമരം കരീം, കെ.എൻ.ബാലഗോപാൽ, പി.രാജീവ്, സി പി നാരായണൻ, പുത്തലത്ത് ദിനേശൻ, കെ.എൻ.ഗണേഷ് തുടങ്ങിയ നേതാക്കൾ പാർട്ടി സ്കൂളിൽ ക്ലാസുകളെടുക്കും.