തിരുവനന്തപുരം : ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ സിപിഎമ്മിനുള്ളില്‍ വിഭാഗീയ പ്രശ്‌നങ്ങള്‍ ഉടലെടുക്കുമ്പോള്‍ തെളിഞ്ഞുനില്‍ക്കുന്നത് കോടിയേരി ബാലകൃഷ്‌ണന്‍ എന്ന തന്ത്രജ്ഞനായ രാഷ്ട്രീയക്കാരന്‍റെ അഭാവം. സിപിഎമ്മിലെ ഏറ്റവും വലിയ വിഭാഗീയ പ്രശ്‌നങ്ങള്‍ നടന്ന പിണറായി - വിഎസ് പോരാട്ടത്തിന് ശേഷം കാര്യമായ പ്രശ്‌നങ്ങളില്ലാതെ സിപിഎമ്മിനെ മുന്നോട്ടുകൊണ്ടുപോയതിന് പിന്നില്‍ കോടിയേരിയുടെ പങ്ക് ചെറുതല്ല. പിണറായിക്ക് പിന്നാലെ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് എത്തിയതോടെ എല്ലാവരേയും ഒരുമിപ്പിക്കുന്ന കണ്ണിയായിരുന്നു കോടിയേരി.
അലയടിക്കുന്നത് കോടിയേരിയുടെ കുറവ് : കണ്ണൂരില്‍ നിന്നുളള നേതാക്കളടക്കം പലപ്പോഴും പാര്‍ട്ടിയുമായി ഇടഞ്ഞപ്പോള്‍ അനുനയിപ്പിച്ച് ഒപ്പം നിര്‍ത്തിയതിന് പിന്നില്‍ കോടിയേരിയുടെ ഇടപെടലുകളായിരുന്നു. പാര്‍ട്ടിയില്‍ പിണറായി വിജയന്‍ എതിരില്ലാത്ത വാക്കായി നിലനിന്നതിന് പിന്നില്‍ കോടിയേരിയുടെ മികവുകൂടിയുണ്ട്. നിയമസഭ തെരഞ്ഞെടുപ്പില്‍ രണ്ട് ടേം നിബന്ധന കര്‍ശനമാക്കിയത്, ആദ്യ പിണറായി മന്ത്രിസഭയിലുള്ളവരെ ഒഴിവാക്കി രണ്ടാം മന്ത്രിസഭ രൂപീകരിച്ചത് എന്നിവ എതിര്‍ സ്വരം ഇല്ലാതെ നടപ്പാക്കിയതിന് പിന്നിലെ സ്വാധീന ശക്തി കോടിയേരി തന്നെയായിരുന്നു. ഈ ഇരുത്തം വന്ന രാഷ്ട്രീയക്കാരന്‍റെ കുറവാണ് ഇപ്പോള്‍ സിപിഎമ്മില്‍ അലയടിക്കുന്നത്.
കോടിയേരി മാറി എംവി ഗോവിന്ദന്‍ സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയപ്പോള്‍ എല്ലാവരേയും ഒരുമിച്ച് നിര്‍ത്തുന്ന കോടിയേരി ശൈലി നഷ്‌ടമായി. പകരം കാര്‍ക്കശ്യക്കാരനായ സെക്രട്ടറിയായി എംവി ഗോവിന്ദന്‍. പാര്‍ട്ടിയില്‍ എംവി ഗോവിന്ദനേക്കാള്‍ സീനിയറായ ഇപി ജയരാജന്‍ സെക്രട്ടറിയുടെ നേതൃത്വം അംഗീകരിക്കാതെ പാര്‍ട്ടിയുമായി നിസഹകരണത്തിന്‍റെ പാതയിലായിരുന്നു. ഇതിന് പിന്നാലെയാണ് കണ്ണൂരില്‍ നിന്നുള്ള മുതിര്‍ന്ന സിപിഎം നേതാവായ പി ജയരാജന്‍, ഇപിക്കെതിരെ ഗുരുതരമായ അനധികൃത സ്വത്ത് സമ്പാദന ആരോപണം ഉന്നയിക്കുന്നത്.
മുന്‍പ് പരാതി നല്‍കാതെ പി ജയരാജന്‍ : ഇത് ആദ്യമായല്ല പി ജയരാജന്‍ ഈ ആരോപണം ഉന്നയിക്കുന്നത്. കോടിയേരി ബാലകൃഷ്‌ണന്‍ കൂടി പങ്കെടുത്ത കണ്ണൂര്‍ ജില്ല സെക്രട്ടറിയേറ്റ് യോഗത്തിലും പി ജയരാജന്‍ സമാന ആരോപണം ഉന്നയിച്ചിരുന്നു. ഇന്നത്തെ പാര്‍ട്ടി സെക്രട്ടറി ആവശ്യപ്പട്ടതുപോലെ പരാതിയായി എഴുതി നല്‍കാന്‍ കോടിയേരി ആവശ്യപ്പെടുകയും ചെയ്‌തു. എന്നാല്‍ ആ സംഭവം വാര്‍ത്തയായില്ല. ജയരാജന്‍ പരാതി എഴുതി നല്‍കിയുമില്ല. ഇതാണ് വിഷയങ്ങള്‍ ചര്‍ച്ചയാക്കാതെ പരിഹരിക്കുന്നതില്‍ കോടിയേരിയുടെ രീതി. കോടിയേരിയെന്ന രാഷ്ട്രീയ നേതാവിന്‍റെ വിയോഗം സിപിഎമ്മിന് എത്രത്തോളം വലിയ നഷ്‌ടമെന്നതാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ തെളിയിക്കുന്നത്.
ALSO READ| ഇ പി ജയരാജനെതിരെ ആരോപണവുമായി പി ജയരാജൻ ; അനധികൃത സ്വത്ത് സമ്പാദനം എന്ന് പരാതി
എല്ലാവര്‍ക്കുമിടയിലെ പാലവും സിപിഎമ്മിലെ നയതന്ത്രജ്ഞതയുടെ പര്യായവുമായിരുന്ന കോടിയേരിയുടെ വിടവാങ്ങലിന്‍റെ വിഷമം മാറും മുന്‍പേ ഉണ്ടായ വിവാദം സിപിഎമ്മില്‍ അദ്ദേഹത്തിന്‍റെ സ്വാധീനം ഒരിക്കല്‍ കൂടി ചര്‍ച്ചകളിലേക്കെത്തിച്ചിരിക്കുന്നു. സംഘടനാപരമായ കെട്ടുറപ്പിലൂടെ ഈ പ്രശ്‌നവും പരിഹരിക്കാന്‍ പതിവുപോലെ സിപിഎമ്മിനാകുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.
പാര്‍ട്ടി അന്വേഷിക്കണമെന്ന് പി ജയരാജന്‍ : സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എൽഡിഎഫ് കൺവീനറുമായ ഇപി ജയരാജനെതിരെ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്‍ അനധികൃത സ്വന്ത് സമ്പാദന ആരോപണം ഉന്നയിച്ചതാണ് വിവാദം. കണ്ണൂരിലെ ആയുർവേദ റിസോർട്ടിന്‍റെ പേരിലാണ് ഇപിയ്‌ക്കെതിരെ പി ജയരാജന്‍റെ ആരോപണം. ഇപി ജയരാജന്‍റെ ഭാര്യയും മകനും ഡയറക്‌ടർമാരായ കമ്പനിയാണ് റിസോർട്ടിന്‍റെ നടത്തിപ്പുകാർ എന്നും ഇതില്‍ അന്വേഷണവും നടപടിയും വേണമെന്നുമാണ് പി ജയരാജൻ യോഗത്തിൽ ആവശ്യപ്പെട്ടത്. ആരോപണം ഉയർന്ന സംസ്ഥാന കമ്മിറ്റിയിൽ ഇപി ജയരാജന്‍ പങ്കെടുത്തിരുന്നില്ല.
അതേസമയം, ഇപി ജയരാജനെതിരായി സാമ്പത്തിക ആരോപണം ഉന്നയിച്ചെന്ന വാർത്ത പി ജയരാജൻ തള്ളിക്കളഞ്ഞിട്ടില്ല. പാർട്ടിയ്ക്ക് അകത്ത് നടന്ന ചർച്ചകൾ പുറത്ത് പങ്കുവയ്‌ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ഇപി ജയരാജനെതിരായി സംസ്ഥാന കമ്മിറ്റിയിൽ സാമ്പത്തിക ആരോപണം ഉയർന്നത് വ്യാജവാർത്തയാണോ എന്ന ചോദ്യത്തിനാണ് പി ജയരാജന്‍റെ മറുപടി.