തിരുവനന്തപുരം : മാസപ്പടി വിവാദത്തിൽ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ പ്രതികരിക്കാനില്ലെന്ന് സിപിഎം നേതാവ് എ കെ ബാലൻ. നിയമസഭ നടക്കുമ്പോൾ അടിയന്തര പ്രമേയത്തിന് നല്ല ദാരിദ്ര്യം ഉണ്ടാകും. ആ ദാരിദ്ര്യം കുറയ്ക്കാൻ മാധ്യമങ്ങൾ ഓരോ ദിവസവും ഓരോ വാർത്തകൾ ലീഡ് ചെയ്‌തുകൊടുക്കും. അങ്ങനെയുള്ള വിഷയമാണ് ഇതെന്നാണ് തനിക്കിപ്പോൾ തോന്നുന്നതെന്നും എ കെ ബാലൻ തലസ്ഥാനത്ത് മാധ്യമങ്ങളോട് പറഞ്ഞു.
മാധ്യമങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബത്തെയും നശിപ്പിക്കുക എന്ന ഉന്നമുണ്ട്. ഇപി ജയരാജന്‍റെ ഭാര്യ മുഖ്യമന്ത്രിയുടെ മകൾ വീണയുടെ കല്യാണത്തിന് വന്നപ്പോൾ അവരുടെ തലവെട്ടി സ്വപ്‌ന സുരേഷിന്‍റെ തലവച്ചുകൊടുത്തവരാണ് നിങ്ങളെന്നും ബാലൻ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്ക് വേറെ അജണ്ടയുണ്ട്. വാർത്ത ശരിയാണോ തെറ്റാണോ എന്ന് ഇപ്പോൾ പറയാൻ സാധിക്കില്ല. വസ്‌തുത എന്താണെന്ന് മനസിലാക്കിയശേഷം പ്രതികരിക്കാമെന്നും എ കെ ബാലൻ വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണയ്ക്ക്, കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സി.എം.ആർ.എൽ) എന്ന സ്വകാര്യ കമ്പനിയിൽ നിന്ന് മാസപ്പടി ഇനത്തിൽ 2017 മുതൽ 2020 വരെയുള്ള മൂന്ന് വർഷക്കാലയളവിൽ 1.72 കോടി രൂപ ലഭിച്ചെന്നായിരുന്നു കണ്ടെത്തല്‍. വീണയുടെ കമ്പനിയായ എക്‌സാ ലോജിക് സൊല്യൂഷൻസ് ഐ ടി, മാർക്കറ്റിങ് കൺസൾട്ടൻസി, സോഫ്‌റ്റ്‌വെയർ സേവനങ്ങൾ സി.എം.ആർ.എല്ലിന് നൽകാമെന്ന കരാറിലാണ് മാസം തോറും പണം വാങ്ങിയത്.
എന്നാൽ ഇതുവരെ യാതൊരു സേവനങ്ങളും നൽകിയിട്ടില്ലെന്ന് സി.എം.ആർ.എൽ, എംഡി എസ്.എൻ ശശിധരൻ കർത്ത ആദായ വകുപ്പിന് മൊഴി നൽകി. ഇതിനെ തുടർന്നാണ് വീണ കൈപ്പറ്റിയ തുക നിയമവിരുദ്ധ പണമിടപാടാണെന്ന് ആദായ നികുതി ഇന്‍ററിം സെറ്റില്‍മെന്‍റ് ബോർഡിന്‍റെ ന്യൂഡൽഹി ബെഞ്ച് തീർപ്പ് കല്‍പ്പിച്ചത്. പണം നൽകിയത് പ്രമുഖ വ്യക്തിയുമായുള്ള ബന്ധത്തിന്‍റെ പേരിലാണെന്നും ബെഞ്ച് കണ്ടെത്തി.
പ്രതിമാസം അഞ്ചുലക്ഷം രൂപ വീണയ്ക്കും മൂന്ന് ലക്ഷം രൂപ എക്‌സാ ലോജിക് കമ്പനിക്കും നൽകാനാണ് കരാർ. ആദായ വകുപ്പ് പുറത്ത് വിട്ട കണക്കനുസരിച്ച് 55 ലക്ഷം രൂപ വീണയ്ക്കും 1.17 കോടി രൂപ എക്‌സാ ലോജിക്കിനും ലഭിച്ചു. നിയമപ്രകാരം ബിസിനസ് ചെലവുകൾക്ക് പണം നൽകുന്നത് അനുവദനീയമാണ്. എന്നാൽ കമ്പനിക്ക് സേവനങ്ങൾ ഒന്നും ലഭ്യമായതിന്‍റെ തെളിവുകൾ ലഭിക്കാത്തതിനാൽ വീണയ്ക്കും കമ്പനിക്കും നൽകിയ പണം നിയമവിരുദ്ധ ഇടപാടിന്‍റെ ഗണത്തിൽപ്പെടുന്നതാണെന്ന ആദായനികുതി വകുപ്പിന്‍റെ വാദം ബെഞ്ച് അംഗീകരിക്കുകയായിരുന്നു.
2019 ജനുവരി 25നാണ് സി.എം.ആർ.എല്ലിന്‍റെ ഓഫിസിലും ഫാക്‌ടറിയിലും എംഡിയുടെയും പ്രധാന ഉദ്യോഗസ്ഥരുടെയും വീടുകളിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്. ഇതില്‍ കമ്പനിയുടെ ചെലവുകൾ പെരുപ്പിച്ചുകാട്ടി വൻതോതിൽ നികുതിവെട്ടിച്ചതായി കണ്ടെത്തി. നിയമ വിരുദ്ധമായി കോടിക്കണക്കിന് രൂപ പ്രമുഖ രാഷ്ട്രീയ നേതാക്കൾക്കും ട്രേഡ് യൂണിയൻ നേതാക്കൾക്കും നൽകിയതിന്‍റെ തെളിവുകളും പരിശോധനയിൽ ലഭിച്ചിരുന്നു. വീണയും എക്‌സാ ലോജിക് കമ്പനിയും സിഎംആർഎല്ലുമായി ഉണ്ടാക്കിയ കരാറും ആദായ നികുതി വകുപ്പ് കണ്ടെത്തുകയായിരുന്നു.