തിരുവനന്തപുരം: അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളിൽ വീഴ്‌ച വരുത്തിയെന്ന ആരോപണത്തിൽ ജി.സുധാകരനെതിരെ പാർട്ടിതല അന്വേഷണം നടത്താനൊരുങ്ങി സിപിഎം. ഇതിനായി പ്രത്യേക അന്വേഷണ സമിതിയെ ചുമതലപ്പെടുത്തി. എളമരം കരീം, കെ.ജെ. തോമസ് എന്നിവരടങ്ങിയ സമിതിയാകും ആരോപണങ്ങള്‍ പരിശോധിക്കുക.
പ്രചാരണത്തിൽ വീഴ്‌ചയെന്ന റിപ്പോർട്ടിനെ തുടർന്ന് അന്വേഷണം
അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിൽ സുധാകരന്‍റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്‌ച വന്നതായി ജില്ലാ കമ്മറ്റി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അമ്പലപ്പുഴയില്‍ പിന്‍ഗാമിയായെത്തിയ എച്ച്. സലാമിന് വേണ്ട പിന്തുണയോ തെരഞ്ഞെടുപ്പ് പ്രവർത്തനമോ നടത്തിയില്ലെന്നാണ് പ്രധാന ആരോപണം. സലാമിനെതിരെ എസ്‌ഡിപിഐ ബന്ധം അടക്കമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ സുധാകരന്‍ മൗനം പാലിച്ചുവെന്ന ആരോപണവും ജില്ലാ കമ്മറ്റി ഉന്നയിച്ചു.
സുധാകരനെതിരെ ഉയർന്നത് രൂക്ഷവിമർശനം
ജില്ലയില്‍ സുധാകരനൊപ്പം തന്നെ മാറി നിന്ന മുതിര്‍ന്ന നേതാവ് തോമസ് ഐസക്ക് ആലപ്പുഴ മണ്ഡലത്തില്‍ പി.ചിത്തരഞ്ജന്‍റെ വിജയത്തിനായി കൃത്യമായ ഇടപെടലാണ് നടത്തിയത്. എന്നാല്‍ ഈ മാതൃക പിന്‍തുടരാന്‍ സുധാകരന്‍ തയാറായില്ലെന്നും കുറ്റപ്പെടുത്തലുണ്ട്. ഈ റിപ്പോര്‍ട്ട് പരിശോധിച്ച് സംസ്ഥാന സെക്രട്ടറിയേറ്റ് തയാറാക്കിയ അവലോകന റിപ്പോര്‍ട്ടിലും അമ്പലപ്പുഴ മണ്ഡലത്തിലെ വീഴ്‌ച പരാമര്‍ശിച്ചെങ്കിലും ജി.സുധാകരന്‍റെ പേര് ഉള്‍പ്പെടുത്തിയിരുന്നില്ല.
ALSO READ: വോട്ടർ പട്ടിക ചോർച്ച കേസ് വീഴ്‌ച്ച മറയ്ക്കാനുള്ള ശ്രമമെന്ന് ചെന്നിത്തല
എന്നാല്‍ വിഷയം ചര്‍ച്ച ചെയ്ത സംസ്ഥാന സമിതിയില്‍ സുധാകരനെതിരെ ആലപ്പുഴയില്‍ നിന്നുള്ള അംഗങ്ങൾ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. മന്ത്രി സജി ചെറിയാന്‍, പി. ചിത്തരഞ്ജന്‍ എന്നിവര്‍ സുധാകരനെതിരെ അന്വേഷണം വേണമെന്ന നിലപാട് വ്യക്തമാക്കുകയും ചെയ്തു.
ആദ്യം വിശദീകരണം തേടുക സുധാകരനിൽ നിന്ന്
ഇതേതുടര്‍ന്നാണ് സമിതിയെ വച്ച് പരിശോധിക്കാന്‍ സിപിഎം തീരുമാനിച്ചത്. തെരഞ്ഞെടുപ്പ് അവലോകനം നടത്താന്‍ ചേര്‍ന്ന സംസ്ഥാന സമിതി യോഗങ്ങളില്‍ ജി.സുധാകരന്‍ പങ്കെടുത്തിരുന്നില്ല. അതേസമയം രണ്ടംഗ അന്വേഷണ സമിതി ആദ്യം സുധാകരനില്‍ നിന്നാകും വിശദീകരണം തേടുക.
ALSO READ: ഇന്ധന വിലവര്‍ധനവ്: സര്‍ക്കാര്‍ സംസ്ഥാന വിഹിതം ഒഴിവാക്കണമെന്ന് കെ സുധാകരന്‍
തുടര്‍ന്ന് വിഷയവുമായി ബന്ധപ്പെട്ടവരില്‍ നിന്നെല്ലാം വിശദീകരണം തേടും. ഇതിന്‍റെ അടിസ്ഥാനത്തില്‍ തയാറാക്കുന്ന റിപ്പോര്‍ട്ട് സംസ്ഥാന സെക്രട്ടറിയേറ്റിന് സമര്‍പ്പിക്കും. സെക്രട്ടറിയേറ്റ് ഈ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം സംസ്ഥാന സമിതിയില്‍ അവതരിപ്പിക്കും. ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ എന്ത് നടപടി വേണമെന്ന് സംസ്ഥാന സമിതിയാകും തീരുമാനിക്കുക.
പാല തോൽവിയും അന്വേഷിക്കും
ഇതുകൂടാതെ ഘടകകക്ഷികള്‍ പരാതി ഉന്നയിച്ച പാല, കല്‍പ്പറ്റ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ചും അന്വേഷണം നടത്തും. കോട്ടയം, വയനാട് ജില്ലാ അടിസ്ഥാനത്തിലാകും പരിശോധന. ഇക്കാര്യം സംബന്ധിച്ച് നിർദേശവും സംസ്ഥാന സമിതി നല്‍കി. തുടര്‍ ഭരണത്തിന്‍റെ ആലസ്യത്തില്‍ വീഴാതെ കൃത്യമായ പരിശോധന നടത്തി സംഘടനാ പ്രവര്‍ത്തനത്തിലെ വീഴ്‌ചകള്‍ പരിഹരിക്കാനാണ് സിപിഎം ശ്രമം. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് സിപിഎം ഇപ്പോഴെ തുടങ്ങുന്നത്.