തിരുവനന്തപുരം : എസ്എഫ്ഐ നിരന്തരം വിവാദത്തില്‍ ഉള്‍പ്പെടുന്നതില്‍ സിപിഎം സംസ്ഥാന നേതൃത്വത്തിന് അതൃപ്‌തി. വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദമടക്കം സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ അപകീര്‍ത്തിപ്പെടുത്തുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിലാണ് സംസ്ഥാന നേതൃത്വത്തിന് അതൃപ്‌തിയുള്ളത്. നേരത്തെ തന്നെ എസ്‌എഫ്‌ഐ നേതൃത്വത്തിന് ഇത്തരം വിവാദങ്ങള്‍ക്ക് ഇട നല്‍കരുതെന്ന് സിപിഎം നിര്‍ദേശം നല്‍കിയിരുന്നു.
എന്നാല്‍ ഓരോ ദിവസവും പുറത്തു വരുന്ന വിവാദങ്ങള്‍ എസ്‌എഫ്‌ഐയേയും അതിലൂടെ സിപിഎമ്മിനെയും പ്രതിരോധത്തിലാക്കുകയാണ്. ഈയൊരു സാഹചര്യം തുടരാന്‍ കഴിയില്ലെന്ന നിര്‍ദേശമാണ് നേതൃത്വം നല്‍കിയിട്ടുണ്ട്. എസ്എഫ്‌ഐയുടെ പ്രവര്‍ത്തനങ്ങൾ കര്‍ശനമായി നിരീക്ഷിക്കാന്‍ ജില്ല ഘടകങ്ങള്‍ക്ക് സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കി. സംഘടനയിൽ തെറ്റായ പ്രവണതകള്‍ വലിയ രീതിയില്‍ കടന്നു കൂടിയിട്ടുണ്ടെന്നും അതിനാല്‍ കര്‍ശനമായ നിരീക്ഷണം വേണമെന്നുമാണ് നിര്‍ദേശം.
നേരത്തെ എസ്‌എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ പരീക്ഷയെഴുതാതെ പാസായെന്ന ആരോപണവും മുന്‍ എസ്എഫ്‌ഐ നേതാവ് കെ വിദ്യ വ്യാജരേഖ ചമച്ച് താത്‌കാലിക അധ്യാപികയുടെ ജോലി നേടിയെന്ന വിവാദവും ഉയര്‍ന്നപ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിശദമായി ചര്‍ച്ച ചെയ്‌തിരുന്നു. പ്രത്യക്ഷമായി എസ്എഫ്‌ഐ നേതൃത്വത്തെ പിന്തുണയ്ക്കുമ്പോഴും തെറ്റ് തിരുത്തണമെന്ന സന്ദേശം തന്നെയാണ് സിപിഎം നല്‍കുന്നത്. കൃത്യമായ തെറ്റ് തിരുത്തല്‍ ഉണ്ടായില്ലെങ്കില്‍ നേതൃമാറ്റം അടക്കം പരിഗണിക്കുമെന്നാണ് സിപിഎം നിലപാട്.
വ്യാജ സര്‍ട്ടിഫിക്കറ്റ് മുതല്‍ ആരോപണങ്ങള്‍ നിരവധി; എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ സമാനതകളില്ലാത്ത ആരോപണങ്ങളാണ് ഇപ്പോള്‍ ഉയർന്നുവരുന്നത്. അതില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി എം.കോം പ്രവേശനം, താത്‌കാലിക ജോലി എന്നിവ നേടിയെന്ന ഗുരുതര നിയമ വിരുദ്ധ പ്രവര്‍ത്തനം വരെയുണ്ട്. കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച പെണ്‍കുട്ടിയെ ഒഴിവാക്കി എസ്എഫ്‌ഐ ഏരിയ സെക്രട്ടറി വിശാഖിന്‍റെ പേര് കോളജ് പ്രിന്‍സിപ്പല്‍ കേരള യൂണിവേഴ്‌സിറ്റിയിലേക്ക് അയച്ചതാണ് സമീപ ഭാവിയില്‍ ആദ്യ പുറത്തു വന്നത്.
ഇതില്‍ കോളജ് പ്രിന്‍സിപ്പല്‍ ജിജെ ഷൈജുവിനെ ഒന്നാം പ്രതിയാക്കിയും വിശാഖിനെ രണ്ടാം പ്രതിയാക്കിയും പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ സംഭവത്തിൽ അന്വേഷണം ഇഴഞ്ഞ് നീങ്ങുകയാണ്. ഇതില്‍ എസ്എഫ്‌ഐയയ്ക്ക് ഒരു പങ്കുമില്ലെന്ന നിലപാട് എടുത്ത് സിപിഎം വിഷയം തണുപ്പിച്ചു.
ഇതിനു പിന്നാലെയാണ് കൂടുതല്‍ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നത്. മുന്‍ എസ്എഫ്‌ഐ നേതാവ് കെ വിദ്യയുടെ വ്യാജരേഖ വിവാദം പാർട്ടിയെയും സംഘടനയെയും പിടിച്ചുകുലുക്കി. മഹാരാജാസ് കോളജില്‍ അധ്യാപക പരിചയം ഉണ്ടെന്ന് വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി കരിന്തളം ഗവണ്‍മെന്‍റ് കോളജിലാണ് വിദ്യ ആദ്യം ജോലി നേടിയത്. അട്ടപ്പാടി കോളജിലും സമാനമായി വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് നല്‍കി ജോലി നേടാനുള്ള ശ്രമത്തിനിടെയാണ് ഈ വിവരം പുറത്തു വന്നത്.
എഴുതാത്ത പരീക്ഷയിൽ വിജയിച്ച് പിഎം ആർഷോ; ഇതിനൊപ്പമാണ് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ പരീക്ഷയെഴുതാതെ വിജയിച്ചുവെന്ന ആരോപണം വന്നത്. ഇതില്‍ ആര്‍ഷോയെ സംരക്ഷിച്ചും വിദ്യയെ തള്ളിയുമായിരുന്നു സിപിഎം നേതൃത്വത്തിന്‍റെ പ്രതികരണം. എസ്എഫ്‌ഐയെ തകര്‍ക്കാനുള്ള ഗൂഡശ്രമം എന്ന ആരോപണവുമുയര്‍ത്തി സിപിഎം ഈ വിവാദങ്ങളെ പ്രതിരോധിച്ചത്.
ഇതിനു പിന്നാലെയാണ് സംഘടനയെ പ്രതിക്കൂട്ടിലാക്കികൊണ്ട് വീണ്ടും വ്യാജ സര്‍ട്ടിഫിക്കറ്റ് ആരോപണം ഉയര്‍ന്നത്. എസ്എഫ്‌ഐ കായംകുളം മുന്‍ ഏരിയ സെക്രട്ടറി നിഖില്‍ തോമസാണ് കലിംഗ സര്‍വകലാശാലയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി എംഎസ്എം കോളജില്‍ എം.കോമിന് പ്രവേശനം നേടിയത്.
നേരത്തെ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ നേതാക്കളുടെ പിഎസ്‌സി പരീക്ഷ തട്ടിപ്പും വയനാട് രാഹുല്‍ ഗാന്ധിയുടെ ഓഫിസ് അടിച്ച് തകര്‍ത്തടക്കമുള്ള വിവാദങ്ങളും സിപിഎമ്മിന് തലവേദയായിരുന്നു. ഇത്തരത്തില്‍ നിരന്തരമായി വിവാദങ്ങള്‍ ഉയര്‍ന്നതോടെയാണ് സിപിഎം കര്‍ശന നിലപാടിലേക്ക് കടക്കുന്നത്. എസ്എഫ്ഐ നേതാക്കള്‍ക്കായി പഠനകാമ്പ് അടക്കം സംഘടിപ്പിക്കാനാണ് നിര്‍ദേശം.