തിരുവനന്തപുരം: സിപിഎം അവൈലബിൾ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം എകെജി സെന്‍ററില്‍ ആരംഭിച്ചു. മന്ത്രി കെ.ടി.ജലീലിനെതിരായ ലോകായുക്ത വിധിയും സെക്രട്ടേറിയറ്റില്‍ ചര്‍ച്ചയ്‌ക്കെടുക്കും. ഇത് സംബന്ധിച്ച പ്രാഥമിക ചർച്ചകൾ ആണ് ഇന്ന് നടക്കുന്നത്. ബന്ധു നിയമനം നടത്തിയ കെ ടി ജലീൽ മന്ത്രി സ്ഥാനത്ത് തുടരരുതെന്നായിരുന്നു ലോകായുക്ത ഇന്നലെ ഉത്തരവിട്ടത്. ഇക്കാര്യത്തിൽ തുടർ നടപടി സ്വീകരിക്കേണ്ടത് മുഖ്യമന്ത്രിയാണ്. ഇതിൽ എന്ത് നടപടി വേണം എന്നതിന്‍റെ പ്രാഥമിക ചർച്ചകളാണ് ഇന്നത്തെ സെക്രട്ടറി യോഗത്തിൽ നടക്കുന്നത്.
കെ ടി ജലീലിന് സിപിഎം പൂർണ പിന്തുണ നൽകാനാണ് സാധ്യത. രാവിലെ മന്ത്രി എ കെ ബാലൻ തന്നെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഇതിലെ തുടർനടപടികളും പാർട്ടി ഔദ്യോഗിക നിലപാടും സെക്രട്ടേറിയറ്റ് യോഗം തീരുമാനിക്കും. സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ. വിജയരാഘവൻ, കോടിയേരി ബാലകൃഷ്ണൻ, എം.എ ബേബി, എസ്.രാമചന്ദ്രൻ പിള്ള, ആനത്തലവട്ടം ആനന്ദൻ എന്നിവരാണ് എകെജി സെന്‍ററിൽ നടക്കുന്ന അവൈലബിൾ സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കുന്നത്. തെരഞ്ഞെടുപ്പ് സംബന്ധിച്ച് പ്രാഥമിക അവലോകനവും ഇന്നത്തെ യോഗത്തിൽ നടക്കും. അതേ സമയം ലോകായുക്ത വിധിക്കെതിരെ കെ ടി ജലീൽ ഹൈക്കോടതിയെ സമീപിക്കും.
കൂടുതൽ വായിക്കാൻ: ബന്ധു നിയമന വിവാദം; കെടി ജലീൽ കുറ്റക്കാരനെന്ന് ലോകായുക്ത