തിരുവനന്തപുരം: മുന്‍ മന്ത്രിയും സംസ്ഥാന സമിതി അംഗവുമായ ജി.സുധാകരന്‍ എന്ന മുതിര്‍ന്ന നേതാവിനെതിരെ പരസ്യ ശാസനയ്ക്ക് സി.പി.എം സംസ്ഥാന സമിതി തീരുമാനിച്ച സാഹചര്യത്തില്‍ പാര്‍ട്ടിയിലെ അച്ചടക്ക നടപടികളും ചര്‍ച്ചയാകുന്നു. സി.പി.എം ഭരണ ഘടനയുടെ 19-ാം വകപ്പനുസരിച്ചാണ് പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നത്.
പാര്‍ട്ടി ഭരണ ഘടനയെയും തീരുമാനങ്ങളെയും ലംഘിക്കുക. പാര്‍ട്ടി അംഗങ്ങള്‍ക്ക് യോജിക്കാത്ത വിധത്തില്‍ പ്രവര്‍ത്തിക്കുകയോ പെരുമാറുകയോ ചെയ്യുക എന്നിവയാണ് അച്ചടക്കത്തിന്‍റെ ലംഘനമായി കണക്കാക്കുന്നത്. ഇവരെ നടപടിക്ക് വിധേയമാക്കുമെന്നാണ് ഭരണ ഘടന വ്യക്തമാക്കുന്നത്.
പാര്‍ട്ടി അച്ചടക്ക നടപടികള്‍ ഇവയാണ്
ആറുവിധം അച്ചടക്ക നടപടികളാണ് സി.പി.എം ഭരണ ഘടന നിര്‍ദ്ദേശിക്കുന്നത്. താക്കീത്, ശാസന അഥവാ സെന്‍ഷര്‍, പരസ്യ ശാസന, പാര്‍ട്ടിയില്‍ വഹിക്കുന്ന സ്ഥാനത്തു നിന്ന് നീക്കം ചെയ്യല്‍, ഒരു കൊല്ലത്തില്‍ കവിയാത്ത ഏതെങ്കിലും കാലയളവിലേക്ക് പൂര്‍ണ അംഗത്വം സസ്‌പെന്‍ഡ് ചെയ്യല്‍, പാര്‍ട്ടിയില്‍ നിന്ന് പുറന്തള്ളല്‍ എന്നിവയാണവ. അച്ചടക്ക നടപടി എടുത്ത ശേഷം സഖാക്കളെ കൊണ്ട് അവരുടെ തെറ്റ് തിരുത്തിക്കാന്‍ സഹായകമായ ശ്രമങ്ങള്‍ തുടരേണ്ടതാണെന്ന് ഭരണ ഘടന വ്യക്തമാക്കുന്നു.
അച്ചടക്ക നടപടികളില്‍ ഏറ്റവും കടുത്തത് പാര്‍ട്ടിയില്‍ നിന്നുള്ള പുറന്തള്ളലാണ്. അങ്ങേയറ്റത്തെ അവധാനതയോടും ആലോചനയോടും ന്യായാന്യായ വിവേചനത്തോടും കൂടിയേ ഇത് പ്രയോഗിക്കാന്‍ പാടുള്ളൂവെന്നും ഭരണ ഘടന പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു. ഒരു പാര്‍ട്ടി അംഗത്വത്തിനെതിരായ അച്ചടക്ക നടപടി സ്വീകരിക്കാനുദ്ദേശിക്കുമ്പോള്‍ അയാളുടെ പേരിലുള്ള ആരോപണങ്ങളും കുറ്റങ്ങളും ബന്ധപ്പെട്ട മറ്റ് വസ്തുതകളും അയാളെ പൂര്‍ണമായി അറിയിക്കേണ്ടതാണെന്നും ഭരണ ഘടന വ്യക്തമായി പറുന്നു.
also read: ജി.സുധാകരന് പരസ്യ ശാസന, അച്ചടക്ക നടപടിയുമായി സിപിഎം
എല്ലാ അച്ചടക്ക നടപടികള്‍ക്കുമെതിരെ അപ്പീല്‍ നല്‍കാന്‍ അംഗങ്ങള്‍ക്ക് അവകാശമുണ്ട്. ഇതോടെ സുധാകരന്‍ അപ്പീലുമായി മുന്നോട്ടു പോകുമോ എന്നാണ് ഇനി അറിയേണ്ടത്.