തിരുവനന്തപുരം: പാറശാല ഗ്രാമപഞ്ചായത്ത് ഓഫിസിൽ സിപിഎം-കോൺഗ്രസ് സംഘർഷം. രണ്ട് കോൺഗ്രസ് പ്രവർത്തകർക്കും, രണ്ട് സിപിഎം പ്രവർത്തകർക്കും പരിക്ക്. കോൺഗ്രസ് പ്രവർത്തകരായ ലെൽവിൻ ജോയ്, വിനയനാഥ്, സിപിഎം പ്രവർത്തകരായ സുനിൽ കുമാർ, ക്രിസ്‌തുദാസ് എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റ നാലുപേരും പഞ്ചായത്ത് അംഗങ്ങളാണ്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏതാനും ദിവസങ്ങൾക്കു മുമ്പ് സിഡിഎസ് ചെയർപേഴ്‌സൺ പഞ്ചായത്ത് അംഗം ആയ വിനയനാഥനെ പരസ്യമായി അസഭ്യം പറഞ്ഞുവെന്നും ഈ വിഷയം പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് വിനയനാഥ് പരാതി നൽകിയിരുന്നു.
സെക്രട്ടറിക്ക് നൽകിയ ഈ പരാതി നിരസിച്ചതോടെയാണ് പഞ്ചായത്ത് അംഗങ്ങൾ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്. പാറശാല പൊലീസ് സ്ഥലത്ത് എത്തി ഇരുകൂട്ടരെയും പിരിച്ചുവിടുകയും പഞ്ചായത്ത് അംഗങ്ങളെ ആശുപത്രിയിലെത്തിക്കുകയും ചെയ്‌തു.
നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമാണ്.