തിരുവനന്തപുരം: സിപിഎം സംസ്ഥാന നേതൃയോഗത്തിന് ഇന്ന് തുടക്കം. ഇന്നും നാളെയും സംസ്ഥാന സെക്രട്ടേറിയറ്റും തുടർന്നുള്ള മൂന്ന് ദിവസം സംസ്ഥാന സമിതിയുമാണ് യോഗം ചേരുക. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് 5 ദിവസം നീണ്ടുനില്‍ക്കുന്ന നേതൃയോഗം സിപിഎം ചേരുന്നത്.
കേന്ദ്രകമ്മറ്റി യോഗ തീരുമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യലാണ് യോഗത്തിലെ പ്രധാന അജണ്ട. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യവും യോഗം പരിശോധിക്കും. ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കവും യോഗം പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യും.
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി കണക്കിലെടുത്ത് കരുതലോടെ തെരഞ്ഞെടുപ്പിനെ സമീപിക്കാനാണ് സിപിഎം തീരുമാനം. ഇതിന്‍റെ ഭാഗമായാണ് നേരത്തെ തന്നെ തെരഞ്ഞെടുപ്പ് ഒരുക്കത്തിന് തുടക്കം കുറിക്കുന്നത്. കിഫ്ബിക്കെതിരായ ഇഡി നടപടികളും നേതൃയോഗം ചര്‍ച്ച ചെയ്യും.
ഇഡിക്ക് മുന്നില്‍ തോമസ് ഐസക്ക് ഹാജരാകണമോ എന്നതാണ് പാര്‍ട്ടി പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. തോമസ് ഐസക്ക് നേരിട്ട് ഹാജരാകേണ്ടതില്ലെന്നും ചോദ്യങ്ങള്‍ക്ക് മറുപടി എഴുതി നല്‍കിയാല്‍ മതിയെന്നുമാണ് നിയമോപദേശം. തോമസ് ഐസക്കില്‍ തുടങ്ങി മുഖ്യമന്ത്രിയിലേക്ക് വരെ ഇഡി എത്താനിടയുണ്ടെന്ന സംശയം നിലനില്‍ക്കെ രാഷ്ട്രീയമായി ഈ സാഹചര്യം എങ്ങനെ നേരിടാമെന്നതിനെ കുറിച്ചും നേതൃയോഗത്തില്‍ ചര്‍ച്ചയുണ്ടാകും.
കർക്കടകം ഒന്നിന് ഫേസ്ബുക്കിലിട്ട പോസ്റ്റില്‍ പി.ജയരാജന്‍റെ നടപടിയും ചര്‍ച്ചയായേക്കും. ഭരണഘടന വിരുദ്ധ പ്രസംഗത്തിന്‍റെ പേരില്‍ സജി ചെറിയാന്‍ രാജി വച്ച ശേഷം ചേരുന്ന സംസ്ഥാന സമിതിയില്‍ ഇക്കാര്യവും ചര്‍ച്ചയാകും.