തിരുവനന്തപുരം: ഏക സിവിൽ കോഡിനെതിരെ ജൂലൈ 15ന് കോഴിക്കോട് സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിൽ സിപിഐയുടെ മുതിർന്ന നേതാക്കൾ പങ്കെടുക്കില്ല. നാദാപുരം എംഎൽഎയായ ഇ കെ വിജയൻ മാത്രമാണ് സിപിഐ പ്രതിനിധിയായി പങ്കെടുക്കുക. ദേശീയ കൗണ്‍സില്‍ ചേരുന്നത് കൊണ്ടാണ് പ്രമുഖ നേതാക്കള്‍ പങ്കെടുക്കാത്തതെന്നാണ് പാര്‍ട്ടിയുടെ വിശദീകരണം.
ഈ മാസം 14 മുതലാണ് 3 ദിവസത്തെ സിപിഐയുടെ ദേശീയ കൗൺസിൽ യോഗം ഡൽഹിയിൽ ചേരുന്നത്. അതിനാൽ സിപിഐയുടെ മുതിർന്ന നേതാക്കളെല്ലാം ഡൽഹിയിൽ ആയിരിക്കുമെന്നാണ് സിപിഐ നേതൃത്വത്തിന്‍റെ വിശദീകരണം. സിപിഎം ഏകപക്ഷീയമായി ഏക സിവിൽ കോഡ് വിഷയത്തിൽ അടക്കം സ്വീകരിക്കുന്ന നിലപാടിൽ പ്രതിഷേധിച്ചാണ് സിപിഐയുടെ പിന്മാറ്റം എന്നാണ് വിവരം.
ഒരാലോചനയും നടത്താതെ മുസ്‌ലിം ലീഗിനെ സെമിനാറിലേക്ക് ക്ഷണിച്ച നടപടിയിലും സിപിഐക്ക് അമർഷമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ മുന്നണിക്കുള്ളിൽ അസ്വാരസ്യങ്ങൾ ഉണ്ടെന്ന തരത്തിൽ പ്രചരണം നടക്കാതിരിക്കാനാണ് പ്രതിനിധിയെ അയക്കുന്നത്. നേരത്തെ സെമിനാറിൽ പങ്കെടുക്കുമെന്ന് സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വം പറഞ്ഞിരുന്നു.
എന്നാൽ പ്രധാന നേതാക്കൾ പങ്കെടുക്കുമോയെന്ന ചോദ്യത്തിനോട് വ്യക്തമായി ബിനോയ് വിശ്വം പ്രതികരിച്ചില്ല. സിപിഐ പങ്കെടുക്കും എന്ന് മാത്രമായിരുന്നു ഈ ചോദ്യത്തോടുള്ള പ്രതികരണം.